
കുവൈത്തിൽ സർക്കാർ ജീവനക്കാർക്ക് മുട്ടൻപണി; ഈദ് അവധി ആരംഭിക്കുന്നതിന് മുൻപ് അപേക്ഷ നൽകണം
കുവൈത്തിൽ ഇത്തവണത്തെ ഈദുൽ ഫിത്വറിനോടനുബന്ധിച്ച് തുടർച്ചയായി 9 ദിവസം അവധിയെടുക്കാമെന്ന പ്രതീക്ഷയിൽ കഴിയുന്ന സർക്കാർ ജീവനക്കാരെ വെട്ടിലാക്കി സിവിൽ സർവീസ് കമ്മീഷന്റെ വിജ്ഞാപനം. ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി മാർച്ച് 30 ഞായറാഴ്ച മുതലാണ് ആരംഭിക്കുന്നത്. എന്നാൽ മാർച്ച് 29 ന് ശനിയാഴ്ച വൈകീട്ട് മാസപ്പിറവി കാണുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഈദ് അവധി അവസാനിക്കുന്നത് എപ്പോഴാണെന്ന് അറിയാൻ സാധിക്കുകയുള്ളൂ..മാർച്ച് 29 ന് ശനിയാഴ്ച വൈകീട്ട് മാസപ്പിറവി കണ്ടാൽ മാർച്ച് 28, 29 തിയ്യതികളിലെ വാരാന്ത്യ അവധികൾക്ക് പുറമെ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ ഈദ് അവധി ഉൾപ്പെടെ തുടർച്ചയായി 5 ദിവസങ്ങൾ മാത്രമാണ് അവധി ലഭിക്കുക.ഏപ്രിൽ 2 ബുധനാഴ്ച മുതൽ പ്രവൃത്തി ദിനം ആരംഭിക്കുകയും ചെയ്യും.എന്നാൽ മാർച്ച് 29 ന് മാസപ്പിറവി കാണാത്ത സാഹചര്യം ഉണ്ടായാൽ മാർച്ച് 30 ഞായർ മുതൽ ഏപ്രിൽ 3 വ്യാഴാഴ്ച വരെ തുടർച്ചയായ 5 ദിവസത്തെ പൊതു അവധിയും അവധി ആരംഭിക്കുന്നതിനും അവസാനിക്കുന്നതും തൊട്ട് മുമ്പുള്ള 4 ദിവസത്തെ വാരാന്ത്യ അവധികളും ഉൾപ്പെടെ 9 ദിവസത്തെ തുടർച്ചയായ അവധി ലഭിക്കുകകയും ചെയ്യും ഏപ്രിൽ 6 ഞായറാഴ്ച മുതലാണ് പ്രവൃത്തി ദിനം പുനരാരംഭിക്കുക. അതായത് ഏപ്രിൽ 2 ന് പ്രവൃത്തി ദിനമാണോ അല്ലയോ എന്ന് അറിയണമെങ്കിൽ ജീവനക്കാർക്ക് മാർച്ച് 29 ശനിയാഴ്ച വരെ കാത്തിരിക്കേണ്ടി വരും. എന്നാൽ സിവിൽ സർവീസ് കമ്മീഷൻ ഇപ്പോൾ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ഏപ്രിൽ 2, 3 ( ബുധൻ, വ്യാഴം ) തിയ്യതികളിൽ അവധിയെടുക്കുന്നവർ മാർച്ച് 27 വ്യാഴാഴ്ചക്ക് മുമ്പായി മുൻകൂറായി അവധി അപേക്ഷ സമർപ്പിക്കണം.ഇതിനു ശേഷമുള്ള അവധി അപേക്ഷ പരിഗണിക്കുന്നതല്ലെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ രോഗാവധി, അടിയന്തിര അവധി മുതലായ ആനുകൂല്യങ്ങൾ ഉപയോഗിച്ച് മുങ്ങുന്നവർക്കും കമ്മീഷൻ തടയിട്ടിട്ടുണ്ട്.ഈ ദിവസങ്ങളിൽ ഡോക്ടറുടെ അനുമതി ഉണ്ടായാൽ മാത്രമേ രോഗാവധി ലഭിക്കുകയുള്ളു.. അടിയന്തര അവധി ഒരുദിവസത്തേക്ക് മാത്രമേ അനുവദിക്കൂയുള്ളൂ എന്നും തുടർച്ചയായ രണ്ട് ദിവസങ്ങൾ അനുവദിക്കില്ലെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. അനുമതി കൂടാതെ ജോലിയിൽ നിന്ന് വിട്ടു നിൽക്കുന്ന ജീവനക്കാരുടെ വാർഷിക പ്രകടന റിപ്പോർട്ടിൽ ഇക്കാര്യം രേഖപ്പെടുത്തുകയും വാർഷിക അവധിയിൽ നിന്ന് ഇത്രയും ദിവസങ്ങൾ കുറക്കുകയും ചെയ്യുമെന്നും വിജ്ഞാപനത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)