
കുവൈത്തിൽ കനത്ത തണുപ്പ് തുടരും; മഴ പെയ്യാനും സാധ്യത
രാജ്യത്ത് കനത്ത തണുപ്പ് തുടരും. ഒരാഴ്ചയായി കനത്ത തണുപ്പിന്റെ പിടിയിലാണ് രാജ്യം. വെള്ളിയാഴ്ചയും ഇതേ നിലതുടരുമെന്ന് കുവൈത്ത് കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധേരാർ അൽ അലി വ്യക്തമാക്കി. ശനിയാഴ്ച കാലാവസ്ഥ മിതമായതായിരിക്കും. അതേസമയമം, വാരാന്ത്യത്തിൽ ഇടക്കിടെ മഴ പെയ്യുമെന്നും പ്രവചിക്കപ്പെടുന്നു. ഇതിനൊപ്പം വടക്കുകിഴക്കൻ യൂറോപ്പിൽ നിന്നുള്ള തണുത്ത കാറ്റും വീശും.
വ്യാഴാഴ്ചയും പകലും രാത്രിയും കനത്ത തണുപ്പ് അനുഭവപ്പെട്ടു. പകൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും അസ്ഥിരമായ വടക്കുപടിഞ്ഞാറൻ കാറ്റും അനുഭവപ്പെട്ടു. അഞ്ച് മുതൽ എട്ട് വരെ ഡിഗ്രി സെൽഷ്യസ് ആയിരുന്നു ശാരാശരി താപനില.
വെള്ളിയാഴ്ചയും കാലാവസ്ഥ സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 12-40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും. പരമാവധി താപനില 19 ഡിഗ്രി സെൽഷ്യസ് വരെയാകും. രാത്രിയിൽ എട്ടു ഡിഗ്രി സെൽഷ്യസിനും താഴേക്ക് താപനില താഴാം. ഇതിനാൽ വെള്ളിയാഴ്ച രാത്രി തണുപ്പായിരിക്കും. ശനിയാഴ്ച കാലാവസ്ഥ മിതമായതായിരിക്കും. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.
കൂടിയ താപനില 18 മുതൽ 20 ഡിഗ്രി വരെ ആകാം. എന്നാൽ ശനിയാഴ്ച രാത്രിയിൽ തണുപ്പ് കൂടും. കനത്ത തണുപ്പാണ് ഈ മാസം അനുഭവപ്പെടുന്നത്. പലയിടങ്ങളിലും താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെ എത്തി. മതരബയിലെ താപനില മൈനസ് എട്ടു ഡിഗ്രി സെൽഷ്യസ് സാൽമിയിൽ മൈനസ് ആറു ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ എത്തിയതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.
60 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ഫെബ്രുവരിയാണ് ഈ വർഷം അനുഭവിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷകർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)