
കുവൈത്ത് ദേശിയ ദിനാഘോഷം; 5 ദിവസത്തിനുള്ളിൽ കുവൈത്തിലൂടെ പറക്കുന്നത് 1691 വിമാനങ്ങളും 2,25,000 യാത്രക്കാരും
ദേശീയദിനാഘോഷ അവധി ദിവസങ്ങളിൽ വ്യോമ ഗതാഗതം സുഗമമാക്കുന്നതിനുള്ള സമഗ്ര പദ്ധതിയുമായി കുവൈത്ത് അധികൃതർ. കുവൈറ്റ് വിമാനത്താവളത്തിലെ ബന്ധപ്പെട്ട വിഭാഗങ്ങളുടെ സംയോജിത പദ്ധതിയിലൂടെ യാത്രാ നീക്കത്തിനുള്ള പൂർണ്ണ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷന്റെ ഓപ്പറേഷൻസ് ഡയറക്ടർ മൻസൂർ അൽ-ഹാഷെമി സ്ഥിരീകരിച്ചു.
ഫെബ്രുവരി 25 നും മാർച്ച് ഒന്നിനും ഇടയിലുള്ള അഞ്ച് ദിവസങ്ങളിൽ ഏകദേശം 849 പുറപ്പെടുന്ന വിമാനങ്ങളും 842 എത്തിച്ചേരുന്ന വിമാനങ്ങളുമായി , ആകെ 1,691 സർവീസുകളാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓപ്പറേറ്റ് ചെയ്യുന്നത്. ഈ വിമാനങ്ങളിലെ യാത്രക്കാരുടെ ഏകദേശ എണ്ണം 2,25,000 ആണ്. ഇവരിൽ 113000 പുറപ്പെടുന്നവരും 112000 എത്തിച്ചേരുന്നവരുമാണ്.
യാത്രക്കാരുടെ തിരക്കോ തടസ്സമോ ഉണ്ടാകാതിരിക്കാൻ വരുന്നവർക്കും പോകുന്നവർക്കുമായി നടപടിക്രമങ്ങൾ ക്രമീകരിക്കുന്നതിനൊപ്പം, യാത്രാ സമയത്തിന് മൂന്ന് മണിക്കൂർ മുമ്പ് യാത്രക്കാർ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നും അതുവഴി യാത്രാ നടപടികൾ കാലതാമസമില്ലാതെ പൂർത്തിയാക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു. വിമാനത്താവള പ്രവേശന കവാടം മുതൽ വിമാനങ്ങളിൽ കയറുന്നത് വരെ യാത്രക്കാർക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും. ഇതിന് ആവശ്യമായ ജീവനക്കാരുടെ സംഘങ്ങളെ ഓപ്പറേഷൻസ് വകുപ്പ് വിന്യസിച്ചിട്ടുണ്ടെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ ചൂണ്ടിക്കാട്ടി.
Comments (0)