
ആകാശത്ത് പറന്ന് പ്രവാസി മലയാളികൾ; കുവൈറ്റിൽ നടന്ന സ്കൈ ഡൈവിങ് മത്സരത്തിൽ വിജയിച്ച് യുഎഇ സംഘം
കുവൈറ്റിൽ നടന്ന ഇൻ്റർനാഷനൽ സ്കൈ ഡൈവിംഗ് മത്സരത്തിൽ മിന്നും വിജയം കരസ്ഥമാക്കി പ്രവാസി മലയാളികൾ. കണ്ണൂർ സ്വദേശിയായ ജംഷീർ, മലപ്പുറം സ്വദേശിയായ റമീസ് മുബാറക്ക് എന്നിവരാണ് ആ മലയാളികൾ. യുഎഇയെ പ്രതിനിധീകരിച്ചുകൊണ്ട് മൂന്നംഗ സംഘമാണ് മത്സരത്തിൽ പങ്കെടുത്തത്. ജംഷീറിനേയും റമീസിനേയും കൂടാതെ റഷ്യൻ സ്വദേശിയായ എലിസവേറ്റ ഒലെഷ്ചെങ്കോ എന്ന യുവതിയാണ് മത്സര സംഘത്തിലുണ്ടായിരുന്നത്.
കുവൈറ്റ് സ്കൈ ഡൈവ് ഫോർമേഷൻ ചാമ്പ്യൻഷിപ്പിൽ ടുവേ ബെല്ലി ഇൻ്റർ മീഡിയേറ്റ് വിഭാഗത്തിലാണ് സംഘം മത്സരിച്ചത്. ബെഞ്ചലൗൺ ആൻഡ് പാർട്ണേഴ്‌സ് സ്പോൺസർ ചെയ്ത ടീം മറ്റ് എട്ട് ടീമുകളുമായി ഏറ്റുമുട്ടിയാണ് വിജയം കൈവരിച്ചത്. അബുദാബി സ്കൈ ഡൈവിൻ്റെ മാനേജറും എമിറാത്തി പരിശീലകനുമായ സവാഫ് മതറിൽ നിന്നാണ് സംഘം പരിശീലനം നേടിയത്.മത്സരത്തിനായി കഠിനമായ പരിശീലനമാണ് നടത്തിയതെന്നാണ് സംഘം പറയുന്നത്. എല്ലാ വാരാന്ത്യത്തിലും സംഘം പരിശീലനം നടത്തുമായിരുന്നു. മൂന്ന് മാസമാണ് പരിശീലനം നടത്തിയത്. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും അബുദാബിയിലെ ഡ്രോപ്പ് സോണിൽ തങ്ങൾ പരിശീലനം നടത്താറുണ്ടായിരുന്നതായി സംഘം പറഞ്ഞു.
പണ്ട് മുതൽ പാരക്ലൈഡിങിൽ താൽപര്യമുണ്ടായിരുന്ന ആളാണ് റമീസ്. യുഎഇയിലെത്തിയ ശേഷം അത് പിന്തുടരുകയും ചെയ്തു. അങ്ങിനെയാണ് അബുദാബി സ്കൈ ഡൈവിലെത്തിയത്. ഈ കായിക വിനോദത്തിന് ആവശ്യമായ മാനസിക ശ്രദ്ധയും ഒരു പ്രധാന വെല്ലുവിളിയായിരുന്നുവെന്ന് റമീസ് അഭിപ്രായപ്പെട്ടു. നമ്മുടെ ശരീരം ഉപയോഗിച്ചാണ് പറക്കുന്നതെന്നും അതിനാൽ നമ്മൾ ചാടുമ്പോൾ നമ്മുടെ തലച്ചോറ് പൂർണ്ണമായും സജീവമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ടീം അവരുടെ ഫോണുകൾ മാറ്റിവെക്കുകയും മത്സരത്തിന് പോകുമ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാറാണ് ഇവരുടെ രീതി.ജംഷീറിനെ സംബന്ധിച്ചിടത്തോളം സ്കൈഡൈവിംഗ് ഒരു ദീർഘകാല സ്വപ്നമായിരുന്നു. 2011ൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു ജംഷീർ. ഒരു യാത്രക്കിടെ സ്കൈ ഡൈവ് കാണാനിടയായി. സ്കൈ ഡൈവിൽ ചേരാൻ ചെന്ന് അന്വേഷിച്ചപ്പോൾ താങ്ങാവുന്നതിലും അധികമായിരുന്നു ചിലവ്. പിന്നീട് ജംഷീർ ബിസിനസ് തുടങ്ങുകയും ചെയ്തു. 2021ലാണ് ജംഷീർ ആദ്യമായി സ്കൈ ഡൈ ചെയ്യുന്നത്. സ്കൈഡൈവിംഗിന്റെ ചിലവിനെ കുറിച്ചും ജംഷീർ വിവരിച്ചു. സ്കൈഡൈവിംഗ് ലൈസൻസിന് 25,000 ദിർഹം ചിലവാകും, പാരച്യൂട്ടുകൾക്ക് 25,000 ദിർഹം മുതൽ 30,000 ദിർഹം വരെയാണ് വില വരുന്നത്. കൂടാതെ അറ്റകുറ്റപ്പണികൾക്കുള്ള ഫീസും ഉണ്ട്. ഓരോ ജമ്പിനും 100 മുതൽ 200 ദിർഹം വരെ ചിലവാകുമെന്നും ജംഷീർ പറഞ്ഞു. നേത്തെ 100 പരം ജമ്പുകൾ ഇരുവരും ഒരുമിച്ച് ചെയ്തിട്ടുണ്ട്.സ്കൈഡൈവിംഗിന്റെ നിരന്തരമായ വെല്ലുവിളിയാണ് വീണ്ടും വീണ്ടും ഇത് ചെയ്യാൻ എലിസവേറ്റയെ പ്രേരിപ്പിച്ചത്. പറക്കുമ്പോൾ അനുഭവപ്പെടുന്ന സമാനതകളില്ലാത്ത സ്വാതന്ത്ര്യബോധം തന്നെ പൂർണ്ണമായും ആകർഷിച്ചുവെന്നും അവർ പ്രതികരിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)