Posted By Editor Editor Posted On

ഈ ഏഴ് ശീലങ്ങളില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ക്കുണ്ടെങ്കിൽ, വണ്ണം കൂടാന്‍ മറ്റൊന്നും വേണ്ട

വണ്ണം കുറയ്ക്കാന്‍ വഴി തേടുന്നവര്‍ ആദ്യം വണ്ണം കൂടാനുള്ള കാരണങ്ങളാണ് കണ്ടുപിടിക്കേണ്ടത്. ആരോഗ്യപ്രശ്‌നങ്ങള്‍ മുതല്‍ അനാരോഗ്യ ഭക്ഷണശീലങ്ങളും വ്യായാമക്കുറവും വരെ വണ്ണം കൂടാന്‍ ഓരോരുത്തര്‍ക്കും പല പല കാരണങ്ങള്‍ ഉണ്ടാകും. ഈ കാരണങ്ങള്‍ മനസ്സിലാക്കിയതിന് ശേഷം അതിനുള്ള പ്രതിവിധി ചെയ്‌തെങ്കില്‍ മാത്രമേ വണ്ണം കുറയ്ക്കാനുള്ള ശ്രമം വിജയിക്കുകയുള്ളു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വണ്ണം കൂടുന്നവര്‍ അത് മനസ്സിലാക്കാതെ, ഭക്ഷണം നിയന്ത്രിച്ചാല്‍ ആരോഗ്യസ്ഥിതി മോശമാകുകയാണ് ചെയ്യുക. അതുകൊണ്ട് എപ്പോഴും വണ്ണം കൂടുന്നതിന്റെ കാരണം ആദ്യം അറിയുക. നിത്യജീവിതത്തിലെ നമ്മുടെ പല ശീലങ്ങളും നമ്മള്‍ അറിയാതെ നമ്മുടെ വണ്ണം കൂടാന്‍ കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് രാവിലെ തന്നെ നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങളും ശീലങ്ങളും. അങ്ങനെ ശരീരഭാരം കൂടാന്‍ കാരണമാകുന്ന ചില ശീലങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

പ്രാതല്‍ വേണ്ടെന്ന് വെക്കുക
പലരും വണ്ണം കുറയ്ക്കാന്‍ പ്രഭാതഭക്ഷണം വേണ്ടെന്ന് വെക്കാറുണ്ട്. ചിലര്‍ സമയമില്ലാത്തത് കൊണ്ടോ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ രാവിലത്തെ ഭക്ഷണം ഒഴിവാക്കും. ഇത് ശരിക്കും വണ്ണം കൂടുന്നതില്‍ ഒരു പങ്ക് വഹിക്കുന്നുണ്ട്. പ്രാതല്‍ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. ആ ദിവത്തെ ഊര്‍ജം പ്രാതലില്‍ നിന്നുള്ള പോഷകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രാതല്‍ കഴിക്കാതിരിക്കുമ്പോള്‍ മെറ്റബോളിസം മന്ദഗതിയിലാകും. പിന്നീട് വിശപ്പ് കാരണം അമിതമായി ഭക്ഷണം കഴിക്കാനും ഈ ശീലം ഇടയാക്കും. ഇത് ക്രമേണ ശരീരഭാരം കൂടാന്‍ കാരണമാകും.

മധുരപാനീയങ്ങള്‍ കുടിക്കുന്നത്
ദിവസം തുടങ്ങുമ്പോള്‍ തന്നെ പഞ്ചസാര ചേര്‍ത്ത കാപ്പിയോ ജ്യൂസുകളോ മറ്റ് കൃത്രിമ മധുരം ചേര്‍ത്ത പാനീയങ്ങളോ ശീതള പാനീയങ്ങളോ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പുക്കുകയും അതുവഴി ശരീരഭാരം വര്‍ധിക്കുകയും ചെയ്യും. രാവിലെ മാത്രമല്ല, ഏതുസമയത്തും മധുരപാനീയങ്ങള്‍ കുടിക്കുന്നത്, പ്രത്യേകിച്ച് പഞ്ചസാരയും മറ്റ് കൃത്രിമ മധുരങ്ങളും ചേര്‍ത്ത പാനീയങ്ങള്‍ കുടിക്കുന്നത് വണ്ണം കൂടാനിടയാക്കും. ആരോഗ്യത്തിന് മറ്റ് പ്രശ്‌നങ്ങളും ഈ ശീലം കാരണമുണ്ടാകും.

വെള്ളം കുടിക്കാത്തത്
രാവിലെ എഴുന്നേറ്റതിന് ശേഷം വെള്ളം കുടിക്കാതിരുന്നാല്‍ മെറ്റബോളിസം മന്ദഗതിയിലാകും. രാവിലെയും പിന്നീട് ദിവസം മുഴുവനും ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനായി വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്. ശരീരത്തിലെ മാലിന്യങ്ങളും വിഷാംശവും നീക്കം ചെയ്യുന്നതിനും ദഹനം എളുപ്പത്തിലാക്കിക്കൊണ്ട് കലോറി എരിച്ചുകളയുന്നതിനും ഈ ശീലം സഹായിക്കും.

പ്രാതലില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുന്നത്
പ്രാതലില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് വണ്ണം കൂടുന്നതില്‍ ഒരു കാരണമാണ്. ബ്രെഡ്, ക്രീമുള്ള കേക്ക്, പഞ്ചസാര ചേര്‍ത്ത ധാന്യവിഭവങ്ങള്‍ എന്നിവയെല്ലാം വളരെ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് വണ്ണം കൂടാനും കാരണമാകും.

അധിക ഉറക്കം
ആവശ്യത്തിന് ഉറക്കം ലഭിക്കുകയെന്നത് ശരീരകത്തിന്റെ ആരോഗ്യത്തിനും വണ്ണം കുറയ്ക്കുന്നതിനും പ്രധാനമാണ്. പക്ഷേ ആവശ്യത്തില്‍ കൂടുതല്‍ ഉറങ്ങിയാല്‍ അത് ശരീരത്തിന്റെ ജൈവഘടികാരത്തെയുംപ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തും. ഇത് ക്ഷീണമുണ്ടാക്കുന്നതിന് പുറമേ, പരോക്ഷമായി വണ്ണം കൂടുന്നതിനും കാരണമാകും.

ശരീരം അനങ്ങാതിരിക്കുന്നത്
രാവിലെകളില്‍ ഏറെനേരം ഒന്നുംചെയ്യാതെ കുത്തിയിരിക്കുന്നതും വണ്ണം കൂടാനുള്ള ഒരു കാരണമാണ്. ഇത് മെറ്റബോളിസം മന്ദഗതിയിലാക്കും. അതേസമയം രാവിലെ വ്യായാമം ചെയ്താല്‍ എനര്‍ജി വര്‍ധിക്കുകയും കലോറി വിനിയോഗം വര്‍ധിക്കുകയും ചെയ്യും.

തിടുക്കത്തില്‍ ഭക്ഷണം കഴിക്കുന്നത്
തിരക്കുപിടിച്ച് വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതും ഒരു മോശം ശീലമാണ്. സമയമെടുത്ത് ശരിയായി ചവച്ചരച്ച് കഴിക്കാതിതെ തിടുക്കത്തില്‍ കഴിക്കുമ്പോള്‍ കൂടുതല്‍ ആഹാരം കഴിക്കാന്‍ പ്രേരിപ്പിക്കപ്പെടും. കാരണം വയറ് നിറഞ്ഞുവെന്ന സിഗ്നല്‍ നല്‍കാന്‍ പോലും അവിടെ സമയം ലഭിക്കുന്നില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *