Posted By Editor Editor Posted On

കുവൈത്തിലെ മംഗഫ് തീപിടിത്തം; കെട്ടിടത്തിൽ നിലവിൽ നിയമ ലംഘനങ്ങൾ ഇല്ലെന്ന് കണ്ടെത്തൽ

കുവൈത്തിൽ പ്രമാദമായ മംഗഫ് തീപിടിത്ത ദുരന്തം സംഭവിച്ച കെട്ടിടത്തിൽ നിലവിൽ നിയമ ലംഘനങ്ങൾ ഇല്ലെന്ന് കുവൈത്ത് മുനിസിപാലിറ്റി സ്ഥിരീകരിച്ചു. കുവൈത്ത് നഗര കൗൺസിൽ അംഗമായ ഖാലിദ് അൽ-ദാഘർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുനിസിപ്പൽ അധികൃതർ ഇത് സംബന്ധിച്ച വിശദീകരണം നൽകിയത്. ദുരത്ത തുടർന്ന് മന്ത്രി സഭ തീരുമാന പ്രകാരം രൂപീകരിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തലുകളും ശുപാർശകളും അടിസ്ഥാനമാക്കിയാണ് മുനിസിപ്പാലിറ്റി മറുപടി നൽകിയത്. മുനിസിപ്പാലിറ്റി എഞ്ചിനീയറിംഗ് ഓഡിറ്റ് & ഫോളോ-അപ്പ് വിഭാഗം നടത്തിയ ഫീൽഡ് പരിശോധനയിൽ ഗ്രൗണ്ട് ഫ്ലോർ, മെസാനൈൻ, എന്നിവ കൂടാതെ ആറു നിലകളും മേൽക്കൂരയും അടങ്ങിയ വാടക താമസ കെട്ടിടത്തിലാണ് ദുരന്തം സംഭവിച്ചത്. റിപ്പോർട്ട് നമ്പർ 08257-ൽ സൂചിപ്പിച്ചിരുന്ന ലംഘനങ്ങൾ ഉടമ നേരത്തെ തന്നെ നീക്കം ചെയ്തിരുന്നതായും മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു. നിലവിൽ പൂർണ്ണമായും നീയമാനുസൃതമായാണ് കെട്ടിടം പ്രവൃത്തിക്കുന്നതെന്നും നിയമ ലംഘനങ്ങളൊന്നുമില്ലെന്നും ഇതുകൂടാതെ, നിയമ വകുപ്പ് ഈ വിഷയത്തിൽ യാതൊരു വിധ അന്വേഷണവും ആരംഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു..
2024 ജൂൺ 12നാണ് മംഗാഫിലെ ആറുനില താമസകെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 49 പേർ മരണമടഞ്ഞ ദുരന്തം ഉണ്ടായത്. 25 മലയാളികൾ ഉൾപ്പെടെ 45 ഇന്ത്യക്കാരും 4 മറ്റു രാജ്യക്കാരുമാണ് ദുരന്തത്തിൽ മരണമടഞ്ഞത് ഗ്രൗണ്ട് ഫ്ലോറിലെ സുരക്ഷാ മുറിയിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. ഇത് അടുക്കളയിലേക്ക് പടരുവാനും , കെട്ടിടത്തിന്റെ താഴത്തെ നിലകൾ പൂർണ്ണമായും പുകയിലമരുവാനും കാരണമായി . നിരവധിപേർ പുക ശ്വസിച്ചും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണുമാണ് ഭൂരിഭാഗം പേർക്കും ജീവഹാനി സംഭവിച്ചത്.. 5 അഗ്നിശമന ഉദ്യോഗസ്ഥർ ഉൾപ്പെടെ 50 ഓളം പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു., NBTC ഗ്രൂപ്പിന്റെ കീഴിൽ ജോലി ചെയ്യുന്ന 196 തൊഴിലാളികളാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ, സുരക്ഷാ ഗാർഡിന്റെ മുറിയിലെ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നും വ്യക്തമായിരുന്നു . കൂടാതെ, അപ്പാർട്ടുമെന്റുകളും മുറികളും വിഭജിക്കുന്നതിന് ജ്വലനശീലമുള്ള വസ്തുക്കൾ ഉപയോഗിച്ചതായും തീപടരുന്നതിന് ഇത് പ്രധാന കാരണമായതായും കണ്ടെത്തിയിരുന്നു. ഇതിന് പുറമെ മേൽക്കൂരയുടെ വാതിൽ പൂട്ടിയതിനാൽ കെട്ടിടത്തിന്റെ മുകളിലേക്ക് കയറി രക്ഷപ്പെടാൻ ശ്രമിച്ചവരും ദുരന്തത്തിൽ അകപ്പെട്ടു. സംഭവത്തിനു പിന്നാലെ, കെട്ടിട ഉടമയെ അനാസ്ഥക്ക് കേസ് രെജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കെട്ടിട മാനദണ്ഡങ്ങൾ കൂടുതൽ ശക്തമായി നടപ്പിലാക്കേണ്ടതുണ്ടെന്ന് അധികാരികൾ ചൂണ്ടിക്കാട്ടി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *