Posted By Editor Editor Posted On

ഗള്‍ഫില്‍ പ്രവാസികളുടെ മരണം; കൈത്താങ്ങായി ഇവരുണ്ട്; മരണാനന്തരസേവനങ്ങളെ കുറിച്ച് അറിയാം

ഓരോ ഗള്‍ഫ് രാജ്യങ്ങളിലും മരണാനന്തര നടപടിക്രമങ്ങള്‍ വ്യത്യസ്തമാണ്. മലയാളികളായ മരണപ്പെടുന്നവരുടെ ഭൂരിഭാഗം ബന്ധുക്കള്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലെ മരണാനന്തര ചടങ്ങുകളെയോ നടപടിക്രമങ്ങളെയോ കുറിച്ച് വ്യക്തമായ അറിവില്ലാത്തവരാണ്. മരണപ്പെടുന്നവരുടെ ബന്ധുക്കൾക്ക് കൈത്താങ്ങായി വിവിധ പ്രവാസി മലയാളി സംഘടനകളും ജീവകാരുണ്യ പ്രവർത്തകരും കെഎംസിസിയുടെ മയ്യത്ത് പരിപാലന കമ്മിറ്റി പ്രവര്‍ത്തകരും വിവിധ ഗള്‍ഫ് നാടുകളിലുണ്ട്. ഇവര്‍ ഡെത്ത് നോട്ടിഫിക്കേഷൻ മുതൽ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നത് വരെ അല്ലെങ്കിൽ പ്രവാസ മണ്ണിൽ അന്ത്യവിശ്രമത്തിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതു വരെ കൂടെ ഉണ്ടാകും. നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ കാര്‍ഗോയും ടിക്കറ്റും എക്‌സിറ്റ് വിസയും വേണം. ഇമിഗ്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കണം. വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് അഞ്ച് മണിക്കൂര്‍ മുന്‍പ് നിര്‍ബന്ധമായും രേഖകളെല്ലാം ഹാജരാക്കണം. ഗള്‍ഫില്‍ തന്നെ അടക്കം ചെയ്യാനാണെങ്കില്‍ എവിടെയാണോ അടക്കുന്നത് ആ പരിധിയിലുള്ള പോലീസ് സ്റ്റേഷനില്‍ എല്ലാ രേഖകളും ഹാജരാക്കി മരണവിവരം റിപ്പോര്‍ട്ട് ചെയ്ത് അനുമതി വാങ്ങണം. ഡെത്ത് നോട്ടിഫിക്കേഷന്‍, പോലീസ് റിപ്പോര്‍ട്ട്, മരണ സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയില്‍നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി), എന്‍ഒസി ലഭിക്കണമെങ്കില്‍ കുടുംബത്തിന്‍റെ സമ്മതപത്രം (പവര്‍ ഓഫ് അറ്റോര്‍ണി), മരിച്ച വ്യക്തിയുടെ തൊഴിലുടമയുടെ കത്ത് എന്നിവ മരണാനന്തര രേഖകള്‍ തയാറാക്കാന്‍ ആവശ്യമാണ്. മരണം റജിസ്റ്റര്‍ ചെയ്തുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റും എംബസിയില്‍നിന്ന് ലഭിക്കും. മരണം അപകടം അല്ലെങ്കില്‍ ദുരൂഹസാഹചര്യത്തിലുള്ളതാണെങ്കില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയായശേഷം മാത്രമേ മൃതദേഹം വിട്ടുകിട്ടുകയുള്ളൂ. യുഎഇ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ മാത്രമേ ഹിന്ദുക്കളെ ഹൈന്ദവ ആചാര പ്രകാരം ദഹിപ്പിക്കാൻ അനുമതിയുള്ളു. ഖത്തർ, സൗദി, കുവൈത്ത് എന്നീ രാജ്യങ്ങളിൽ ഹൈന്ദവരെ ദഹിപ്പിക്കുന്നതിനു പകരം ആറടി മണ്ണിൽ അടക്കം ചെയ്യുന്നതിനാണ് അനുമതി. ക്രിസ്തുമത വിശ്വാസികള്‍ക്ക് നാട്ടിലെപോലെ തന്നെ മാർബിൾ കല്ലറ പണിത് അതിനുള്ളിൽ മൃതദേഹം അടക്കം ചെയ്യാം. കല്ലറ നിർമ്മിക്കാനുള്ള പണം നൽകണം. എല്ലാ രാജ്യങ്ങളിലും മുസ്‌ലിം ഇതര സമുദായക്കാർക്കായി പ്രത്യേകം സെമിത്തേരികളുണ്ട്. യുഎഇയിൽ മരണപ്പെടുന്ന ഹിന്ദുക്കളുടെ മൃതദേഹം സംസ്കരിക്കാൻ പ്രത്യേക ഇലക്ട്രിക് ശ്മശാനമുണ്ടെന്ന് യുഎഇയിലെ ജീവകാരുണ്യ പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി പറഞ്ഞു. അമ്പലത്തിലെ പൂജാരിയെ കൊണ്ടുവന്ന് എല്ലാ കർമങ്ങളും പൂർത്തിയാക്കി തന്നെ മൃതദേഹം സംസ്കരിക്കാം. ദുബായ്, ഷാർജ, അബുദാബി എന്നീ മൂന്ന് എമിറേറ്റുകളിലാണ് ഇലക്ട്രിക് ശ്മശാനങ്ങളുള്ളത്. ക്രിസ്തുമത വിശ്വാസികള്‍ക്ക് സെമിത്തേരിയിൽ പ്രാർഥന നടത്താം. കല്ലറ പണിത് അടക്കാം. ഇസ്ലാം വിശ്വാസികളെ പള്ളി സെമിത്തേരിയിൽ തന്നെയാണ് അടക്കം ചെയ്യുന്നത്. ഖത്തറിൽ വടക്ക് കിഴക്കായുള്ള ദുഖാനിലെ സെമിത്തേരിയിലാണ് മുസ്‌ലിം ഇതര മതസ്ഥരെ അടക്കം ചെയ്യുക. ക്രിസ്തുമതവിശ്വാസികളെ പ്രാർഥന നടത്തി കല്ലറ പണിത് തന്നെ അടക്കം ചെയ്യാം. ഹൈന്ദവരുടെ മൃതദേഹവും മണ്ണിൽ അടക്കം ചെയ്യാം. മൃതദേഹം ദഹിപ്പിക്കാൻ കഴിയില്ലെങ്കിലും ചെറിയ രീതിയിൽ പ്രാർഥനയും മരണാനന്തര കർമവും ചെയ്യാം. പ്രത്യേകം കല്ലറ നിർമ്മിക്കണമെങ്കിൽ അതിനും അനുമതിയുണ്ട്. സൗദി അറേബ്യയിൽ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കാനോ ബലി കർമങ്ങൾ നടത്താനോ ക്രിസ്തുമത വിശ്വാസികളെ സെമിത്തേരിയില്‍ മറവ് ചെയ്യാനോ അനുമതിയില്ല. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ആറടി മണ്ണിൽ അടക്കം ചെയ്യാനേ അനുമതിയുള്ളു. റിയാദ്, ജിദ്ദ, ദമാം, നജ്‌റാൻ, ജസാൻ എന്നിവിടങ്ങളിലാണ് മുസ്‌ലിം ഇതര മതസ്ഥർക്കുള്ള സെമിത്തേരികളുള്ളത്. മരിച്ചയാളുടെ സ്പോൺസർ ഏതു നഗരത്തിലാണോ ആ നഗരത്തിൽ തന്നെ അടക്കം ചെയ്യണം. സൗദിയിലെ പോലെ കുവൈത്തിലും ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കാൻ അനുമതിയില്ല. ആറടി മണ്ണിൽ അടക്കം ചെയ്യണം. അതാത് മതാചാര പ്രകാരമുള്ള പ്രാർഥനകൾ നടത്തി തന്നെ മൃതദേഹം മറവു ചെയ്യാം. ബഹ്‌റൈനിൽ മുസ്‌ലിം ഇതര സമുദായക്കാർക്ക് പ്രത്യേകം സെമിത്തേരിയുണ്ട്. എല്ലാ മതക്കാരെയും അവരവരുടെ ആചാരപ്രകാരം തന്നെ അടക്കം ചെയ്യാം. ഒമാനിൽ ക്രിസ്ത്യാനികൾക്കും ഹൈന്ദവർക്കും വെവ്വേറെ സെമിത്തേരികളാണുള്ളത്. പെട്രോളിയം ഡെവലപ്‌മെന്‍റ് ഒമാന്‍റെ സ്ഥലത്താണ് ക്രിസ്തുമതവിശ്വാസികളെ അടക്കം ചെയ്യുക. സെമിത്തേരിയിൽ സ്ഥിരം കല്ലറ വേണമെങ്കിൽ അതിനുള്ള പണം നൽകണം. സെമിത്തേരിയോടുചേർന്ന് പ്രാർഥനയ്ക്കായി ചാപ്പലുണ്ട്. ഹൈന്ദവരുടെ മൃതദേഹം സംസ്കരിക്കുന്നത് മസ്കത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ സോഹാറിൽ ടെമ്പിൾ മാനേജ്‌മെന്‍റിന്‍റെ നിയന്ത്രണത്തിലുള്ള ഇലക്ട്രിക് ശ്മാശനത്തിലാണ്. ഇവിടെ പൂജാരിയുമുണ്ട്. കർമങ്ങൾക്കുള്ള പൂജാ സാമഗ്രികൾ വാങ്ങി കൊടുക്കണം. എല്ലാ കർമങ്ങളും ചെയ്തുതന്നെ മൃതദേഹം സംസ്കരിക്കാം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *