15 മാസത്തെ രക്തച്ചൊരിച്ചിൽ; ഒടുവിൽ ഗസ്സയിൽ വെടിനിർത്തൽ
15 മാസം പിന്നിട്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഗാസ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഇന്നു മോചിപ്പിക്കുന്ന മൂന്നു ബന്ദികളുടെ വിവരങ്ങൾ ഹമാസ് ഇസ്രയേലിന് കൈമാറി. മൂന്നു വനിതകളുടെ പേരുകളാണ് കൈമാറിയത്. കരാറിന്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേൽ അപ്രതീക്ഷിതമായി രാവിലെ പിന്മാറിയിരുന്നു. പ്രാദേശിക സമയം രാവിലെ എട്ടരയ്ക്ക് കരാർ നടപ്പാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ നടപ്പാകുന്ന സമയത്തിന് അരമണിക്കൂർ മുൻപ് ഇസ്രയേൽ കരാറിൽനിന്ന് പിന്മാറുകയായിരുന്നു. പിന്നീട് രണ്ടു മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണ് ഇപ്പോൾ ബന്ദികളുടെ പേരുകൾ മധ്യസ്ഥരായ ഖത്തർ മുഖേന ഹമാസ് കൈമാറിയത്.എന്നാൽ ബന്ദികളെ എവിടെവച്ച് കൈമാറുമെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ആദ്യം പ്രാദേശിക സമയം വൈകുന്നേരം നാലിന് (ഇന്ത്യൻ സമയം രാത്രി ഏഴിന്) ബന്ദികളെ കൈമാറാമെന്നാണ് അറിയിച്ചിരുന്നത്. പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കും. ഇതും എവിടെവച്ചാണെന്നു പുറത്തുവന്നിട്ടില്ല. ഗാസയിലേക്കു മരുന്നും ഭക്ഷണവുമായി എത്തുന്ന ട്രക്കുകൾ ഈജിപ്തിന്റെ അതിർത്തിയിൽ കാത്തുകിടക്കുകയാണ്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ ഇവർക്ക് അതിർത്തി കടന്ന് ദുരിതം അനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്ക് ആശ്വാസം നൽകാനാകും. വെടിനിർത്തലിനെ അംഗീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ അറിയിപ്പ് എത്തിയിട്ടുണ്ട്.വെള്ളിയാഴ്ച 6 മണിക്കൂറിലേറെ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇസ്രയേലിന്റെ പൂർണ മന്ത്രിസഭ ഹമാസുമായുള്ള കരാറിന് അന്തിമ അംഗീകാരം നൽകിയത്. നേരത്തേ സുരക്ഷാ കാബിനറ്റും അനുമതി നൽകിയിരുന്നു. 3 ഘട്ടമായി വിഭാവനം ചെയ്യുന്ന കരാറിന്റെ ആദ്യഘട്ടം 42 ദിവസമാണ്. ഈ കാലയളവിൽ 33 ബന്ദികളെ ഹമാസ് വിട്ടയയ്ക്കും. പകരം 1900 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും. ഇസ്രയേലിന്റെ തടവിലുള്ള എല്ലാ സ്ത്രീകളെയും കുട്ടികളെയും ആദ്യഘട്ടത്തിൽ വിട്ടയയ്ക്കും. ആദ്യ ദിവസം 3 സ്ത്രീ ബന്ദികളെയാകും ഹമാസ് മോചിപ്പിക്കുക; ഏഴാം ദിവസം 4 പേരെയും. തുടർന്നുള്ള 5 ആഴ്ചകളിലായി 26 പേരെക്കൂടി വിട്ടയയ്ക്കും.ഗാസയിലുള്ള ഇസ്രയേൽ സൈനികർ അതിർത്തിയോടു ചേർന്ന ബഫർ സോണിലേക്കു പിൻവാങ്ങുന്നതോടെ, നേരത്തേ പലായനം ചെയ്ത പലസ്തീൻകാർക്കു മടങ്ങിപ്പോകാനാകും. ഒന്നാംഘട്ടം 16 ദിവസം പിന്നിട്ടുകഴിഞ്ഞ് വെടിനിർത്തലിന്റെ രണ്ടാംഘട്ടം ചർച്ച ചെയ്തു തീരുമാനിക്കും. ഈ 16 ദിവസം നടപടികൾ സുഗമമല്ലെങ്കിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ ഭീഷണി മുഴക്കിയിരുന്നു. ഗാസയിൽ പ്രവേശിക്കാനായി സഹായവിതരണത്തിനുള്ള നൂറുകണക്കിനു ട്രക്കുകൾ ഈജിപ്ത് അതിർത്തിയിലെ റഫാ ഇടനാഴിയിൽ എത്തിയിട്ടുണ്ട്.
Comments (0)