കുവൈത്ത് ഭക്ഷ്യ സംഭരണ സംവിധാനം വികസിപ്പിക്കുന്നു
കുവൈത്ത് ഭക്ഷ്യ സംഭരണ സംവിധാനം വികസിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പദ്ധതി റിപ്പോർട്ട് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ അവതരിപ്പിച്ചു. പുതിയ അത്യാധുനിക സംഭരണ കേന്ദ്രങ്ങൾ നിർമിക്കുക, സംഭരണത്തിലെ കാര്യക്ഷമത വർധിപ്പിക്കുക, കാറ്ററിങ് സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നിവക്ക് പുറമെ യോഗ്യരായ പൗരന്മാരുടെ വീട്ടിൽ ഭക്ഷണമെത്തിക്കുന്നത് കൂടിയാണ് ആലോചനയിലുള്ളത്.
പദ്ധതി സമയബന്ധിതമായി നടപ്പാകുന്നുവെന്ന് ഉറപ്പാക്കാൻ ഓരോ മൂന്നുമാസം കൂടുമ്പോഴും തൽസ്ഥിതി റിപ്പോർട്ട് മന്ത്രിസഭയിൽ അവതരിപ്പിക്കാൻ വാണിജ്യ വ്യവസായ മന്ത്രിയെ ചുമതലപ്പെടുത്തി. അമീരി വിമാനത്താവളത്തിലെ പ്രത്യേക മുറിയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.
സമീപകാലത്ത് വിവിധ രാജ്യങ്ങളിൽ അനുഭവപ്പെട്ട ക്ഷാമമാണ് സ്ഥിരം പരിഹാരത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. ജനസംഖ്യ വർധനവ് കൂടി കണക്കിലെടുത്ത് ഭാവിയിലേക്കുള്ള ആവശ്യകത മനസ്സിലാക്കിയുള്ള പദ്ധതിക്കാണ് രൂപം നൽകുക.
സംഭരണ സംവിധാനങ്ങൾ വിപുലപ്പെടുത്തുക, കാർഷിക രീതികൾ നവീകരിക്കുക, സ്ട്രാറ്റജിക് സ്റ്റോക്ക് വർധിപ്പിക്കുക, കാർഷിക പദ്ധതികൾക്ക് ധനസഹായം നൽകുക, കാർഷിക ഉൽപാദനവുമായി ബന്ധപ്പെട്ട വ്യാവസായിക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുക തുടങ്ങിയവ അജണ്ടയിലുണ്ട്. കുവൈത്തിലെ മണ്ണും കാലാവസ്ഥയും കാർഷിക, ഭക്ഷ്യ ഉൽപാദനത്തിന് ഒട്ടേറെ പരിമിതികൾ സൃഷ്ടിക്കുന്നുണ്ട്.
നവീന ആശയങ്ങളും കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിൽ ഇതിനെ മറികടക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Comments (0)