മൃതദേഹം അഴുകിയിരുന്നില്ല, ഇരുത്തിയ നിലയിൽ കല്ലറയിൽ, വായ വല്ലാതെ തുറന്ന് നാക്ക് കറുത്ത നിലയിൽ; ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു
നെയ്യാറ്റിൻകരയിൽ സമാധിയിരുത്തിയ ഗോപൻ സ്വാമിയുടെ മൃതദേഹം അഴുകിയ നിലയിൽ ആയിരുന്നില്ലെന്ന് നെയ്യാറ്റിൻകര കൗൺസിലർ പ്രസന്ന കുമാർ. സമാധി പൊളിച്ച് മൃതദേഹം പുറത്തെടുത്തത് ജനപ്രതിനിധി എന്ന നിലയിൽ പ്രസന്ന കുമാറിന്റെ കൂടി സാന്നിദ്ധ്യത്തിലായിരുന്നു.”സമാധിയുടെ മുകൾ ഭാഗത്ത് സ്ളാബാണ് ആദ്യം ഇളക്കിയത്. തുടർന്ന് അകത്ത് മുൻ വശത്തായി മൂന്ന് സ്ളാബുകൾ ഉണ്ടായിരുന്നു. ഓരോന്നായി ഇളക്കി മാറ്റി. ഇഷ്ടിക കൊണ്ടാണ് നിർമ്മിച്ചിരുന്നത്. അതിനകത്താണ് മൃതദേഹമുണ്ടായിരുന്നത്. കഴുത്തറ്റം വരെ ഭസ്മം മൂടിയിരുന്നു. ഇരിക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കല്ലറിയിലാകെ കർപ്പുരത്തിന്റെ ഗന്ധമായിരുന്നു. മുഖം തിരിച്ചറിയാൻ കഴിയുന്ന നിലയിൽ തന്നെയാണ്. തുണി കൊണ്ട് ശരീരം മുഴുവൻ പുതച്ചിരുന്നു. ശരീരം അഴുകിയിരുന്നില്ല. എന്നാൽ വായ മാത്രം വല്ലാതെ തുറന്നിരുന്നു. നാക്ക് കറുത്ത നിലയിലുമായിരുന്നു. ”-പ്രസന്ന കുമാർ പറയുന്നു.
പുറത്തെടുത്ത മൃതദേഹം ടേബിളിൽ കിടത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷമാണ് പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. മരണത്തിൽ എന്തെങ്കിലും അസ്വാഭാവികത ഉണ്ടോ എന്ന് അറിയാനുള്ള ഫൊറൻസിക് പരിശോധന ഇനി നടക്കാനുണ്ട്.സംഘർഷസാദ്ധ്യത കണക്കിലെടുത്ത് രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം പുലർച്ചെതന്നെ സ്ഥലത്ത് എത്തിയിരുന്നു. ജില്ലാ ഭരണകൂടമാണു കാര്യങ്ങൾ ഏകോപിപ്പിച്ചത്. കല്ലറയിലേക്കുള്ള വഴി രാവിലെത്തന്നെ അടച്ചിരുന്നു. തുടർന്ന് പൊതുജങ്ങളേയോ മാദ്ധ്യമങ്ങളെയോ ഇവിടേക്ക് പ്രവേശിപ്പിച്ചില്ല. ടാർപോളിൻ ഉപയോഗിച്ച് കല്ലറ മറച്ചതിനു ശേഷമാണ് മേൽമൂടി തുറന്നത്. ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്നു പ്രാഥമിക നിഗമനം. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്നു പൊലീസ് പറഞ്ഞു. ആന്തരികഅവയവങ്ങളുടെ സാംപിളുകൾ രാസപരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോർട്ടം നടപടികൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർത്തിയായി.
Comments (0)