Posted By Editor Editor Posted On

ആ ഗാനമാധുരി നിലച്ചു; ഭാവ ഗായകൻ പി ജയചന്ദ്രന് വിട

ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂരിലെ ആശുപത്രിയിലാണ് അന്ത്യം. അർബുദബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. 1944 മാര്‍ച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജനനം. അദ്ദേഹത്തിന്റെ കുടുംബം പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി.

രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായിരുന്നു അദ്ദേഹം. പരേതരായ സുധാകരന്‍, സരസിജ, കൃഷ്ണകുമാര്‍, ജയന്തി എന്നിവരാണ് സഹോദരങ്ങള്‍. ഭാര്യ: ലളിത. മക്കൾ: ലക്ഷ്മി, ദിനനാഥ്. ദിനനാഥ് ഏതാനും സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ എക്കാലവും മലയാളികള്‍ ഇഷ്ടപ്പെടുന്ന മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി; ധനു മാസ ചന്ദ്രിക വന്നു എന്നു തുടങ്ങുന്ന ഗാനമാണ്.

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ജയചന്ദ്രന്‍ ബിരുദം നേടി. ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന കാലത്ത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മൃദംഗ വായന, ലൈറ്റ് മ്യൂസിക് എന്നിവയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു. 1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന്‍ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള അവാര്‍ഡ് നേടുകയും ചെയ്തിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *