കുവൈത്തിൽ വീട്ടുജോലിക്ക് പോയത് മകളെ കലോത്സവത്തിൽ പങ്കെടുപ്പിക്കാൻ; ആഭരണങ്ങളടക്കം വാടകയ്ക്കെടുത്തത് ആദ്യശമ്പളത്തിൽ നിന്ന്; സങ്കടക്കണ്ണീരിൽ അമ്മമനസ്
∙ മകൾ ശ്രീനന്ദ വേദിയിൽ നൃത്തം ചെയ്യുന്നതു കുവൈത്തിലെ വീട്ടുജോലിക്കിടയിൽ വിഡിയോ കോളിലൂടെ കാണുമ്പോഴും ശ്രീദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. എന്നിട്ടും സ്ക്രീനിൽ നിന്നു കണ്ണെടുത്തില്ല. ആ വിഡിയോ കോളിനു പിന്നിൽ സങ്കടം കടം പറഞ്ഞൊരു കഥയുണ്ട്.മോഹിനിയാട്ടവേദിയിൽ ശ്രീനന്ദ നൃത്തം ചെയ്യുന്നതു വിഡിയോ കോളിലൂടെ കാണുമ്പോഴും നൃത്തം പൂർത്തിയാക്കി ഇറങ്ങിയ ശേഷവുമെല്ലാം ശ്രീദേവിയുടെ കണ്ണുകൾ നിശബ്ദമായി നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. മകളെ കലോത്സവത്തിൽ പങ്കെടുപ്പിക്കാനും വീട്ടിലെ ബുദ്ധിമുട്ടുകൾ തീർക്കാനുമായി രണ്ടു മാസം മുൻപു കുവൈത്തിലേക്കു വീട്ടുജോലിക്കു പോയതാണു ശ്രീദേവി. ആദ്യശമ്പളത്തിലെ 20,000 രൂപ ഉപയോഗിച്ചാണു ശ്രീനന്ദ കലോത്സവത്തിനു വേണ്ട ആഭരണങ്ങളടക്കം വാടകയ്ക്കെടുത്ത് എത്തിയത്.തൊടുപുഴ കുമാരമംഗലം എംകെഎൻഎംഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയാണു ശ്രീനന്ദ ബാബു. പെയിന്റിങ് തൊഴിലാളിയായ മടക്കത്താനം ദേവരുപറമ്പിൽ ബാബുവിന്റെയും ശ്രീദേവിയുടെയും മകൾ. ശ്രീനന്ദയെ കണക്കുപറയാതെ ഗുരു രമ്യ ഹരീഷ് നൃത്തം പഠിപ്പിച്ചു. ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം, കേരളനടനം തുടങ്ങി 11 നൃത്തയിനങ്ങളിൽ ശ്രീനന്ദ മികവു പ്രകടിപ്പിച്ചു.ഇത്തവണ ജില്ലാ കലോത്സവത്തിൽ മറ്റൊരു കുട്ടിയിൽ നിന്നു കടമായി ലഭിച്ച ആഭരണങ്ങളുപയോഗിച്ചാണു മത്സരിച്ചത്. സംസ്ഥാന കലോത്സവത്തിനു പോകാനുള്ള ഭാരിച്ച ചെലവു ചോദ്യചിഹ്നമായി. മകളുടെ നൃത്തവേദികളിലെല്ലാം ഒപ്പം പോകാറുള്ള അമ്മ കുവൈത്തിലെ ജോലിക്കു പോകാൻ നിർബന്ധിതയായി. എഗ്രേഡ് നേടി മകൾ അമ്മയുടെ ആഗ്രഹം ഫലവത്താക്കി. കടലിനപ്പുറത്തിരുന്ന് അമ്മ ഒരു സ്വപ്നം കൂടി കാണുന്നു, മകളെ കലാക്ഷേത്രയിൽ പഠിപ്പിക്കണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)