Posted By Editor Editor Posted On

വൻ വിമാനദുരന്തം, 179 മരണം; ഒരു പക്ഷി വിമാനച്ചിറകിൽ ഇടിച്ചു, ലാൻഡ് ചെയ്യാൻ കഴിയുന്നില്ലെന്ന് യാത്രക്കാരന്റെ അവസാന സന്ദേശം

ദക്ഷിണ കൊറിയയിൽ വിമാനം അപകടത്തിൽപ്പെടുന്നതിനു മിനിറ്റുകൾക്കുമുൻപുതന്നെ അവസാന നിമിഷങ്ങൾ അടുത്തുവെന്നു യാത്രക്കാർക്കു വ്യക്തമായിരുന്നുവെന്ന് റിപ്പോർട്ടുകൾ. യാത്രക്കാരെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിച്ചേർന്ന പ്രിയപ്പെട്ടവർക്ക് അവസാന സന്ദേശം പലരും അയച്ചിരുന്നുവെന്നാണു വിവരം. വിമാനത്തിലെ 181 പേരിൽ 2 പേരെ മാത്രമാണു രക്ഷിക്കാനായത്.വിമാനത്തിൽ യാത്ര ചെയ്ത ഒരാൾ, സ്വീകരിക്കാനെത്തിയ ആൾക്ക് അയച്ച അവസാന സന്ദേശത്തിൽ ‘ഞാനെന്റെ അവസാന വാക്കുകൾ പറയട്ടെ?’ എന്നാണുള്ളത്. ഒരു പക്ഷി ചിറകിൽ ഇടിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ലാൻഡ് ചെയ്യാനാകുന്നില്ലെന്ന് ഒരാൾ ദക്ഷിണ കൊറിയയിലെ ഇൻസ്റ്റന്റ് മെസഞ്ചർ ഓൺലൈൻ പ്ലാറ്റ്‌ഫോമായ കകാവു ടോക്കിൽ കുറിച്ചതായി ദ് കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്തു. ദക്ഷിണകൊറിയയിൽ മുവാൻ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയ ശേഷം മതിലിൽ ഇടിക്കുകയായിരുന്നു. ബാങ്കോക്കിൽ നിന്നും മടങ്ങുകയായിരുന്ന ജെജു എയർവിമാനമാണ് അപകടത്തിൽപ്പെട്ടത്. ദിവസങ്ങൾക്ക് മുൻപാണ് അസർബൈജാനിൽ വിമാനപകടത്തിൽ 38 പേർ മരിച്ചത്. പൈലറ്റുൾപ്പെടെയുള്ള ജീവനക്കാർ അപകടത്തിൽ മരിച്ചിരുന്നു. ബകുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട അസർബൈജാൻ എയർലൈൻസ് വിമാനമാണ് ബുധനാഴ്ച തകർന്നു നിലംപതിച്ചത്. കനത്ത മൂടൽമഞ്ഞിനെ തുടർന്നാണ് വിമാനം ഗ്രോസ്‌നിയിൽ നിന്ന് വഴിതിരിച്ചുവിട്ടിരുന്നു. അക്തൗ വിമാനത്താവളത്തിലേക്കാണ് വഴിതിരിച്ചുവിട്ടത്. അപകടത്തിന് മുമ്പ് വിമാനം പല തവണ ലാൻഡ് ചെയ്യാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിമാനം നിലത്ത് ഇടിച്ചിറക്കിയത്. 72 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *