മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു; മറഞ്ഞത് മലയാളത്തിന്റെ സുകൃതം
മലയാളത്തിന്റെ സുകൃതവും അഭിമാനവുമായ എം.ടി വാസുദേവൻ നായർ (91) അന്തരിച്ചു. ഏഴു പതിറ്റാണ്ടിലേറെ മലയാളത്തിന്റെ വാക്കും വെളിച്ചവുമായി നിറഞ്ഞ അക്ഷര സുകൃതം എം.ടി വാസുദേവൻ നായർക്ക് യാത്രാമൊഴിയേകാനൊരുങ്ങുകയാണ് കേരളം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക് ആവാഹിച്ച പ്രതിഭയായിരുന്നു എംടി. 1933 ജൂലൈ 15ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലാണ് ജനിച്ചത്. പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരുടെയും അമ്മ അമ്മാളു അമ്മയുടെയും നാല് ആണ്‍മക്കളില്‍ ഏറ്റവും ഇളയ ആളായിരുന്നു. മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് 1953ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം അധ്യാപകനായി ജോലി നോക്കി. സ്കൂൾ പഠനകാലം മുതൽ സാഹിത്യരചനയിൽ സജീവമായിരുന്നു. വിക്ടോറിയ കോളജിലെ പഠന കാലത്താണ് രക്തം പുരണ്ട മൺതരികൾ എന്ന ആദ്യ ചെറുകഥ പ്രസിദ്ധീകരിക്കുന്നത്. 1958 ൽ പ്രസിദ്ധീകരിച്ച നാലുകെട്ട് ആണ് ആദ്യം പുസ്തകരൂപത്തിൽ പുറത്തുവന്നത്. 1959 ൽ നോവലിന് കേരള സാഹിത്യഅക്കാദമി പുരസ്കാരവും ലഭിച്ചു. തുടർന്ന് കാലാതിവര്‍ത്തിയായ പല നോവലുകളും ആ തൂലികയിൽ നിന്ന് പുറത്തുവന്നു, ‘കാലം’, അസുരവിത്ത്, വിലാപയാത്ര, മഞ്ഞ്, എന്‍.പി.മുഹമ്മദുമായി ചേര്‍ന്നെഴുതിയ അറബിപ്പൊന്ന്, രണ്ടാമൂഴം’ തുടങ്ങിയ നോവലുകള്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. കേരളസാഹിത്യഅക്കാദമിയുടെ അധ്യക്ഷനായും പിന്നീട് തുഞ്ചന്‍ സ്മാരകസമിതിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു.
91 ആം വയസിൽ വിടവാങ്ങിയ ഭാഷയുടെ കുലപതിക്ക് കേരളം അന്ത്യാഞ്ജലി അർപ്പിക്കുകയാണ്. കോഴിക്കോട് കൊട്ടാരം റോഡിലെ ‘സിതാര’യിൽ ഇന്ന് പകൽ മുഴുവൻ അന്ത്യോപചാരം അർപ്പിക്കാം. ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക സാംസ്‌കാരിക ചലച്ചിത്ര പ്രവർത്തകരും അടക്കം ആയിരങ്ങളാണ് അവസാനമായി അദ്ദേഹത്തെ ഒരുനോക്ക് കാണാൻ ‘സിതാര’യിലേക്ക് എത്തുന്നത്. പുലർച്ചെ 5 മണിയോടെ നടൻ മോഹൻലാൽ ‘സിത്താര’യിലെത്തി പ്രിയ എഴുത്തുകാരന് ആദരമർപ്പിച്ചു. ബന്ധുക്കളെ ആശ്വസിപ്പിച്ച മോഹൻലാൽ, ഇരുവരും തമ്മിലുള്ള ഹൃദയബന്ധം ഓർത്തെടുത്തു. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ അനുസ്മരിച്ചു. എംടിയുടെ പ്രിയ സംവിധായകൻ ഹരിഹരനും വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)