പുതുവത്സരാഘോഷം; ഗൾഫിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി എത്തിച്ചത് നടിമാർക്ക് നൽകാൻ, യുവാവ് പിടിയിൽ
പുതുവത്സരാഘോഷ പാർട്ടികൾ ലക്ഷ്യമിട്ട് ഒമാനിൽ നിന്ന് എത്തിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം കാളികാവ് പേവുന്തറ സ്വദേശി മുഹമ്മദ് ഷബീബിനെയാണ് (31) അഴിഞ്ഞിലത്തെ റിസോർട്ടിന്റെ പാർക്കിങ് ഏരിയയുടെ പരിസരത്തു നിന്നു പൊലീസ് പിടികൂടിയത്. 2 മാസം മുൻപു ഒമാനിൽ നിന്നു നാട്ടിലെത്തിയതാണ് ഷബീബ്. വിദേശത്തു നിന്നുള്ള നിർദേശ പ്രകാരം ആവശ്യക്കാർക്ക് ലഹരി കൈമാറാൻ കാത്തു നിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. 2 നടിമാർക്ക് നൽകാനാണ് ലഹരി എത്തിച്ചതെന്നു ഇയാൾ മൊഴി നൽകിയിട്ടുണ്ട്. പുതുവത്സര പാർട്ടികളെ ലക്ഷ്യംവെച്ച് ജില്ലയിലേക്ക് വീര്യമേറിയ സിന്തറ്റിക് ലഹരികൾ എത്തിക്കുന്ന സംഘങ്ങൾ സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. പിടിച്ചെടുത്ത ലഹരി വീര്യം കൂടിയ സെമി ക്രിസ്റ്റൽ രൂപത്തിലുള്ളവയാണ്. ഇതിനു ആവശ്യക്കാർ കൂടുതലായതിനാൽ വിലയും കൂടുതലാണെന്നു പ്രതി മൊഴി നൽകി. ഒമാനിൽ ജോലി ചെയ്യുന്ന ഷബീബ് അവിടെയുള്ള സുഹൃത്തുക്കൾ മുഖേനയാണ് എംഡിഎംഎ നാട്ടിലെത്തിച്ചത്. കൊച്ചി, ഗോവ എന്നിവിടങ്ങളിൽ വിൽപന നടത്തി അമിത ലാഭമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രതിയുടെ മൊഴി. വിദേശ നിർമിത ലഹരിക്കു നാട്ടിൽ ആവശ്യക്കാർ കൂടുതലാണെന്നും ഇയാള് പൊലീസിനോട് പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)