Posted By Editor Editor Posted On

പറക്കാനൊരുങ്ങിയ വിമാനത്തിലെ ഗോവണി നീക്കിയതറിഞ്ഞില്ല, ഡോർ വഴി പുറത്തിറങ്ങി എയർഹോസ്റ്റസ്, റൺവേയിൽ വീണ് പരിക്ക്

പറക്കാനൊരുങ്ങിയ വിമാനത്തിൽ നിന്ന് എയർഹോസ്റ്റസ് താഴേക്ക് വീണു. ബ്രിട്ടീഷ് വിമാന കമ്പനിയായ ടിയുഐ എയർവേയ്സിലെ എയർഹോസ്റ്റസാണ് വിമാനത്തിൽ നിന്ന് വീണത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡ്‍ലാൻഡ് എയർപോർട്ടിലാണ് സംഭവം ഉണ്ടായത്. എയർക്രാഫ്റ്റിൻറെ വാതിലിൽ ഗോവണി സ്ഥാപിച്ചിട്ടില്ലെന്ന കാര്യം അറിയാതെ താഴേക്ക് കാൽവെച്ച എയർഹോസ്റ്റസാണ് വീണതെന്ന് ബിബിസി റിപ്പോർട്ടിൽ പറയുന്നു. ഉടൻ തന്നെ ഈസ്റ്റ് മിഡ്‍ലാൻഡ്സ് ആംബുലൻസ് സർവീസ് സ്ഥലത്തെത്തി എയർ ഹോസ്റ്റസിനെ നോട്ടിങ്ഹാം ക്വീൻസ് മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചു. കോണി ഘടിപ്പിച്ചിട്ടുണ്ടെന്ന് കരുതി ക്യാബിൻ ക്രൂ വിമാനത്തിൻറെ വാതിൽ തുറന്ന് താഴേക്ക് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും ഗോവണി മാറ്റിയിരുന്നു. ഇതോടെ ക്യാബിൻ ക്രൂ താഴേക്ക് വീഴുകയായിരുന്നു.
ഡിസംബർ 16 ന് വൈകിട്ട് 4:31നാണ് മെഡിക്കൽ എമർജൻസി സംബന്ധിച്ച് കോൾ ലഭിക്കുന്നതെന്നും ഉടൻ തന്നെ പാരാമെഡിക്കൽ സംഘം സ്ഥലത്തെത്തി എയർ ആംബുലൻസ് സേവനം ലഭ്യമാക്കിയെന്ന് ഈസ്റ്റ് മിഡ്‍ലാൻഡ്സ് എയർപോർട്ട് വക്താവ് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും ക്യാബിൻ ക്രൂ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും എയർപോർട്ട് ഓപ്പറേഷൻസ് ഡയറക്ടർ സൈമൺ ഹിഞ്ച്ലി പറഞ്ഞു. എയർഹോസ്റ്റസ് വിമാനത്തിൽ നിന്ന് വീണ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എയർ ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻസ് ബ്രാഞ്ച് സ്ഥിരീകരിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *