Posted By Editor Editor Posted On

കുവൈത്തിലെ താമസ സ്ഥലത്തെ ശുചിമുറിയിൽ കുഴഞ്ഞു വീണു; ഒരു വശം തളർന്നു; ഒടുവിൽ സുമനസുകളുടെ സഹായത്തോടെ പ്രവാസി മലയാളി നാട്ടിലേക്ക്

കുഴഞ്ഞു വീണതിനെ തുടർന്ന് കുവൈത്തിലെ അൽ അദാൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മൂവാറ്റുപുഴ സ്വദേശി ടോമി സുമനസുകളുടെ സഹായത്തോടെ ഇന്ന് നാട്ടിലേക്ക് മടങ്ങും. വൈകിട്ട് കൊച്ചിയിലേക്കുള്ള കുവൈത്ത് എയർവേയ്സിലാണ് ടോമി നാട്ടിലെത്തുക. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ താമസ സ്ഥലത്തെ ശുചിമുറിയിൽ കുഴഞ്ഞു വീണ ടോമിയെ സുഹൃത്തുക്കൾ ചേർന്നാണ് അൽ അദാൻ ആശുപത്രിയിൽ എത്തിച്ചത്.ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ടോമിയുടെ ഒരു വശം തളർന്നു പോയിരുന്നു. നീണ്ട ആഴ്ചയിലെ പരിചരണത്തിനൊടുവിൽ എഴുന്നേറ്റ് ഇരിക്കാനും യാത്ര ചെയ്യാനും കഴിയുന്ന അവസ്ഥയിലെത്തിയതോടെയാണ് ടോമിയെ നാട്ടിലേക്ക് കൊണ്ടു പോകുന്നത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ടോമിയെക്കുറിച്ച് കുവൈത്തിലെ സാമൂഹിക പ്രവർത്തകനായ സലിം കോമേരിയാണ് ഇന്ത്യൻ എംബസിയെ അറിയിച്ചത്.

ആശുപത്രിയിലെ വലിയ ചികിത്സാ ചെലവിൽ ഇളവ് ലഭിക്കാനായി എംബസി തലത്തിൽ ശ്രമിച്ചെങ്കിലും താൽക്കാലിക വീസയായതിനാൽ ശ്രമം പരാജയപ്പെടുകയായിരുന്നു. ഒടുവിൽ അഹമദി ഔവർ ലേഡി ഓഫ് അറേബ്യ കത്തോലിക്കാ പള്ളി സഹവികാരി ജിജോ തോമസിന്റെ നേത്യത്വത്തിലാണ് ടോമിയുടെ സാമ്പത്തിക ചെലവുകൾ ഏറ്റെടുത്തത്. ടോമിയുടെ സുഹൃത്ത് അനിൽ‍ പോൾ ആണ് പള്ളി അധികൃതരുമായി ബന്ധപ്പെട്ടത്.

അനിൽ പോൾ ആണ് ടോമിയേയും കൊണ്ട് നാട്ടിലേക്ക് പോകുന്നത്. നാട്ടിൽ തുടർ ചികൽസയ്ക്കുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടന്ന് ടോമിയുടെ ഭാര്യ സഹോദരൻ ജോബി മനോരമ ഓൺലൈനോട് പറഞ്ഞു. ആശുപത്രി വാസത്തിനിടെ തൊഴിൽ വീസ കാലാവധി അവസാനിച്ചതിനാൽ ടോമി താൽക്കാലിക വീസയിലായിരുന്നു കഴിഞ്ഞിരുന്നത്.

കുവൈത്തിലെ പുതിയ രാജ്യാന്തര വിമാനത്താവളത്തിലെ ജോലി നഷ്ടമായതിനെ തുടർന്ന് കുറച്ചു കാലമായി ടാക്സി ഡ്രൈവർ ആയിരുന്നു. കഴിഞ്ഞവർഷം പിതാവ് മരിച്ചതിനെ തുടർന്ന് നാട്ടിലെത്തിയ ടോമിക്ക് കൃത്യസമയത്ത് തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ വന്നതോടെയാണ് ജോലി നഷ്ടപ്പെട്ടത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *