കുവൈത്തിന്റെ പ്രഥമ രാജ്യാന്തര വ്യാപാരമേളയ്ക്ക് തുടക്കം
കുവൈത്തിലെ പ്രഥമ രാജ്യാന്തര വ്യാപാരമേളയായ ലിറ്റിൽ വേൾഡിന് ഇന്നു തുടക്കം. ആഗോള കലാസാംസ്കാരിക, വിനോദ, രുചിവൈവിധ്യങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന വ്യാപാര മേള മാർച്ച് ഒന്നുവരെ തുടരും. മിഷ്റഫ് എക്സിബിഷൻ സെന്റർ ആറാം നമ്പർ ഹാളിന് സമീപത്തെ പാർക്കിങ് ഏരിയയിലാണ് മേള.ഇന്ത്യ, ചൈന, കൊറിയ, ജപ്പാൻ, തായ്ലൻഡ്, വിയറ്റ്നാം, ഫിലിപ്പീൻസ്, യൂറോപ്പ്, തുർക്കി, ഈജിപ്ത്, ജിസിസി തുടങ്ങി 14 പവലിയനുകളുമായാണ് ലിറ്റിൽ വേൾഡിന്റെ തുടക്കം. വിവിധ രാജ്യങ്ങളിലെ പവിലിയനുകളിലൂടെ ലോകത്തിന്റെ ചെറുപതിപ്പ് കുവൈത്തിൽ ഒരുക്കുന്നത് ഇത് ആദ്യം. ആഗോള രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾ, സാംസ്കാരിക പ്രകടനങ്ങൾ, രാജ്യാന്തര ഭക്ഷണം രുചിക്കാനുള്ള അവസരം, കുട്ടികൾക്ക് പ്രത്യേകമായി രൂപകൽപന ചെയ്ത വിനോദങ്ങൾ എന്നിവയുണ്ടാകും. ഓരോ രാജ്യങ്ങളെയും അടയാളപ്പെടുത്തുന്ന തനത് ഉൽപന്നങ്ങൾ ഒരിടത്തുനിന്ന് വാങ്ങാനുള്ള സുവർണാവസരമാണ് സന്ദർശകർക്കായി ഒരുങ്ങിയിരിക്കുന്നത്. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ഇതോടനുബന്ധിച്ച് ഒരുക്കിയ മിനി മൃഗശാലയാണ് മറ്റൊരു ആകർഷണം. 25 വർഷത്തോളം ദുബായ് ഗ്ലോബൽ വില്ലേജിൽ വിവിധ പവിലിയനുകൾ ഒരുക്കിയ വേഗ ഇന്റർനാഷണൽ എക്സിബിഷൻസ് ആണ് കുവൈത്ത് ഇന്റർനാഷണൽ ഫെയർ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ലിറ്റിൽ വേൾഡിന്റെ മുഖ്യ സംഘാടകർ
തലയെടുപ്പോടെ ഇന്ത്യ
നാനാത്വത്തിൽ എകത്വം വിളിച്ചറിയിക്കുന്ന ഇന്ത്യാ പവിലിയനാണ് മേളയിലെ ഏറ്റവും വലുത്. കശ്മീർ, കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള തുണിത്തരങ്ങൾ, ആഭരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, അസം ഊദും അനുബന്ധ ഉൽപന്നങ്ങളും, ചണ വിഭവങ്ങൾ, കൈത്തറി, പഞ്ചാബി തുകൽ ചെരിപ്പുകൾ, ആദിവാസി ഹെർബർ എണ്ണകൾ, ആയുവേദ ഉൽപന്നങ്ങൾ തുടങ്ങിയവയുടെ വിശാലമായ ശേഖരമാണ് ഇന്ത്യാ പവിലിയനെ വ്യത്യസ്തമാക്കുന്നതെന്ന് ബാറാക്കാത്ത് എക്സിബിഷൻ സിഇഒ ചന്ദ്രൻ ബേപ്പ് അറിയിച്ചു.
പ്രവേശനം
സാധാരണ ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയും അവധി ദിവസങ്ങളിൽ വൈകിട്ട് 3 മുതൽ രാത്രി 10 വരെയുമാണ്. പ്രവേശനം സൗജന്യമാണെന്ന് ഇന്ത്യാ പവലിയൻ ജനറൽ മാനേജർ അനിൽ ബേപ്പ് പറഞ്ഞു. പദ്ധതി യാഥാർഥ്യമാക്കാൻ സഹായിച്ച കുവൈത്ത് ഇന്റർനാഷനൽ ഫെയർ എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുൽ റഹ്മാൻ അൽ നാസറിന് നന്ദി രേഖപ്പെടുത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)