കുവൈറ്റിലെ പുതിയ റെസിഡൻസി നിയമം പ്രവാസി ജീവനക്കാർക്ക് കൂടുതൽ സംരക്ഷണം നൽകും
കുവൈറ്റ് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ കരട് നിയമത്തിൽ പ്രവാസി ജീവിക്കാർക്ക് കൂടുതൽ സംരക്ഷണം ലഭിക്കുമെന്ന് വിലയിരുത്തൽ. രാജ്യത്ത് മനുഷ്യക്കടത്ത് തടയുന്നതിനും വിദേശികളുടെ താമസത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നിർണായക നിയമത്തിന് കുവൈറ്റ് മന്ത്രിമാരുടെ കൗൺസിൽ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.വിസ വ്യാപാരം ഇല്ലാതാക്കുക, തൊഴിലുടമയുടെ ദുരുപയോഗം പരിഹരിക്കുക, വിദേശ റസിഡൻസി, തൊഴിൽ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് കടുത്ത ശിക്ഷകൾ ചുമത്തുക എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് പുതിയ നിയമം. പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ ഇവയാണ്:
തൊഴിലുടമയുടെ നിയന്ത്രണങ്ങൾ
തൊഴിൽ പെർമിറ്റിന്റെ പരിധിക്കപ്പുറമുള്ള ജോലികളിൽ ഏർപ്പെടാൻ വിദേശ തൊഴിലാളികളെ നിർബന്ധിക്കുന്നതിൽ നിന്ന് തൊഴിലുടമകളെ വിലക്കുന്നതാണ് പുതിയ നിയമത്തിലെ മറ്റൊരു സുപ്രധാന വ്യവസ്ഥ. കൂടാതെ, തൊഴിലാളികളുടെ വേതനം തടഞ്ഞുവെക്കുന്നതും ഇതുപ്രകാരം നിയമവിരുദ്ധമാകും. തൊഴിലുടമയുടെ തൊഴിലാളി വിരുദ്ധ പ്രവർത്തനങ്ങളിൽനിന്ന് ജീവനക്കാർക്ക് കൂടുതൽ സംരക്ഷണം നൽകുന്നത് നിയമത്തിലെ മറ്റൊരു വ്യവസ്ഥയാണിത്.
റസിഡൻസി വ്യാപാരം നിരോധനം
കുവൈറ്റിലെ വിസ വ്യാപാരത്തെ ചെറുക്കുന്നതിന് രൂപകൽപ്പന ചെയ്ത നിരവധി നടപടികൾ പുതിയ നിയമം അവതരിപ്പിക്കുന്നുണ്ട്. റെസിഡൻസി പെർമിറ്റുകൾ, എൻട്രി വിസകൾ അനുവദിക്കുന്നതിനും വിസ പുതുക്കുന്നതിനും പകരമായി പേയ്‌മെന്റുകൾ വാഗ്ദാനം ചെയ്യുന്നതോ സ്വീകരിക്കുന്നതോ പോലുള്ള സാമ്പത്തിക ആനുകൂല്യങ്ങൾക്കായി വിദേശ റിക്രൂട്ട്‌മെന്റ് സംവിധാനത്തെ ഉപയോഗിക്കുന്നത് പുതിയ നിയമം നിയമവിരുദ്ധമാക്കുന്നു.
പ്രവാസികൾക്കുള്ള പാർപ്പിട, തൊഴിൽ ചട്ടങ്ങൾ
പുതിയ ഉത്തരവ് പ്രകാരം, പ്രവാസികൾക്ക് താമസം ഒരുക്കുകയും ജോലി നൽകുകയും ചെയ്യേണ്ടത് സ്‌പോൺസറാണ്. അവരുടെ റസിഡൻസ് വിസ സാധുവായാലും കാലഹരണപ്പെട്ടാലും സ്‌പോൺസർ അല്ലാത്തവർ പ്രവാസികൾക്ക് താമസമോ ജോലിയോ നൽകാൻ പാടില്ല. കൂടാതെ, അനധികൃത താമസക്കാർക്ക് വസ്തുവകകൾ വാടകയ്ക്ക് കൊടുക്കുന്നതിൽനിന്ന് കെട്ടിട ഉടമകൾ വിട്ടുനിൽക്കണം.
സ്പോൺസർമാരുടെ ഉത്തരവാദിത്തങ്ങൾ
ഒരു വിദേശ തൊഴിലാളിയുടെ വിസ അല്ലെങ്കിൽ താമസ കാലാവധി അവസാനിക്കുകയും അവർ രാജ്യം വിടാതിരിക്കുകയും ചെയ്താൽ സ്പോൺസർമാർ പുതിയ നിയമപ്രകാരം ആഭ്യന്തര മന്ത്രാലയത്തെ അക്കാര്യം അറിയിക്കേണ്ടതുണ്ട്. അനധികൃത താമസക്കാർ രാജ്യത്ത് വർധിച്ചുവരുന്നത് തടയുന്നതിനാണ് ഈ നടപടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)