അമീറിന്റെ കാരുണ്യം; വിസ ഏജന്റിന്റെ ചതിയിൽപ്പെട്ട് മയക്കുമരുന്ന് കേസിൽ ജയിലിലായ പ്രവാസിക്ക് മോചനത്തിന് വഴിയൊരുങ്ങുന്നു
കുവൈത്തിൽ ലഹരിമരുന്ന് അടങ്ങിയ ബാഗുമായി പിടിയിലായ തമിഴ്നാട് സ്വദേശി രാജരാജൻ 8 വർഷത്തിന് ശേഷം ജയിൽ മോചിതനാവുകയാണ്. ഏജൻറിൻറെ ചതിയിൽപ്പെട്ട് ദുരവസ്ഥയിലായ രാജരാജൻ, കുവൈത്ത് അമീറിൻറെ കാരുണ്യത്താൽ ലഭിച്ച ശിക്ഷയിളവിൻറെ അടിസ്ഥാനത്തിലാണ് ജയിലിൽ നിന്ന് മോചിതനാകുന്നത്.ജീവിതമാർഗം തേടി 2016 ഒക്ടോബർ 26നാണ് രാജരാജൻ കുവൈത്തിലെത്തുന്നത്. ആദ്യമായി വിദേശ രാജ്യത്തെത്തിയ രാജരാജനെ വിമാനത്താവളത്തിൽ വച്ചുതന്നെ അധികൃതർ പിടികൂടി. ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്ന ലഹരിമരുന്ന് കടത്തൽ കേസിൽ അദ്ദേഹത്തിനെ പ്രതിയാക്കുകയും ചെയ്തു. ജീവപര്യന്തം (ജീവിതാവസാനംവരെ) തടവിന് വിധിക്കപ്പെട്ട രാജരാജൻ ജയിലിൽ കഴിയുകായിരുന്നു. ഇപ്പോൾ അമീറിൻറെ കാരുണ്യത്താൽ ലഭിച്ച ശിക്ഷയിളവ് ലഭിച്ചതിനാൽ നാടുകടത്തൽ കേന്ദ്രത്തിലേക്ക് ഇദ്ദേഹത്തെ മാറ്റിയിരിക്കുകയാണ്.
കുമരേശൻറെ ചതി
തൃച്ചി ശ്രീരംഗം അയിലപ്പെട്ടെ നോർത്ത് സ്ട്രീറ്റിലെ താമസക്കാരനായ രാജരാജൻ, സുഹൃത്തായ അബ്ദുള്ള വഴി കുവൈത്തിലേക്ക് പോകാൻ കുമരേശൻ എന്ന ഏജൻറുമായി ബന്ധപ്പെട്ട് ഖാദീം വീസ സംഘടിപ്പിച്ചു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം, 2016 ഒക്ടോബർ 22ന് കുമരേശനോടൊപ്പം ചെന്നൈയിലെത്തി. ഇരുവരും അവിടെ ഹോട്ടലിൽ താമസിച്ചു.
കുവൈത്തിലേക്കുള്ള യാത്രയ്ക്ക് തൊട്ടുമുൻപുള്ള ദിവസം, അതായത് ഒക്ടോബർ 25ന്, രാജരാജൻറെ സാധനങ്ങൾ കൊണ്ടുവന്ന ബാഗുകൾ മാറ്റി കുമരേശൻ പുതിയൊരു ലഗേജും ഹാൻഡ് ബാഗും നൽകി. രാജരാജൻ സംശയത്തോടെ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, പഴയ പെട്ടി മോശമായതിനാലാണ് പുതിയത് നൽകിയതെന്നായിരുന്നു കുമരേശൻറെ മറുപടി. ഹാൻഡ് ബാഗ് തുറന്ന് പാസ്‌പോർട്ടും ടിക്കറ്റും കാണിച്ചുകൊടുത്തു. ലഗേജ് ബാഗിൽ രാജരാജൻറെ വസ്ത്രങ്ങളാണെന്നും ധരിപ്പിച്ചു.. പോകാനുള്ള സമയമായി എന്ന് പറഞ്ഞ് ലഗേജ് ബാഗ് തുറന്ന് കാണിക്കാൻ കുമരേശൻ തയ്യാറായില്ല.
അന്നേ ദിവസം വൈകുന്നേരം തന്നെ ചെന്നൈയിൽ നിന്ന് കുവൈത്തിലേക്ക് രാജരാജൻ പുറപ്പെട്ടു. പിറ്റേന്ന് കുവൈത്ത് വിമാനത്താവളത്തിൽ വച്ച് നടന്ന പരിശോധനയിൽ രാജരാജൻറെ പെട്ടിയിൽ നിന്ന് അധികൃതർ ലഹരിവസ്തുക്കൾ കണ്ടെത്തുകയായിരുന്നു.
∙ നാട്ടിൽ അറിഞ്ഞത് രണ്ടാഴ്ചയ്ക്ക് ശേഷം
തനിക്ക് എന്താണ് സംഭവിച്ചതെന്നോ, പൊലീസ് എന്തിനാണ് കസ്റ്റഡിയിൽ എടുത്തതെന്നോ രാജരാജന് മനസിലായില്ല. കാര്യങ്ങൾ മനസ്സിലാക്കാൻ രാജരാജന് രണ്ട് ആഴ്ചയോളം വേണ്ടിവന്നു. തുടർന്ന് നാട്ടിലുള്ള ഏക സഹോദരി അൻപരശിയെ വിളിച്ച് തൻറെ ദുരവസ്ഥ വിവരിച്ചു. സഹോദരി കുമരേശൻറെ വീട്ടിൽ ചെന്നെങ്കിലും അത് അടച്ചിട്ട നിലയിലായിരുന്നു. അമ്മാവനായ പളനിയുടെ വീട്ടിൽ അന്വേഷിച്ചെങ്കിലും ഇവർക്ക് അയാളെപ്പറ്റി കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. കുമരേശൻ ആണ് ഇതിന് ഉത്തരവാദി എന്നുപറഞ്ഞ് സുഹൃത്ത് അബ്ദുള്ളയും ഒഴിഞ്ഞ് മാറി.
∙ അധികൃതരുടെ ഇടപെടൽ ഇങ്ങനെ
രാജരാജൻറെ സഹോദരി അൻപരശി ചെന്നൈയിലുള്ള ഡൊമസ്റ്റിക് വർക്കർ വെൽഫെയർ ട്രസ്റ്റിനെ സമീപിച്ചു. അവരുടെ സഹകരണത്തോടെ തമിഴ്‌നാട് സർക്കാരിൽ പരാതി നൽകി. ഒപ്പം, കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റിയിലും സഹോദരൻറെ മോചനത്തിനായി അപേക്ഷിച്ചു.
തമിഴ്‌നാട് സർക്കാർ അണ്ടർ സെക്രട്ടറി സെന്തിൽ കുമാർ വിഷയത്തിൽ ഇടപെടണമെന്ന് ആഭ്യഥിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. കുവൈത്തിലെ അന്നത്തെ ഇന്ത്യൻ സ്ഥാനപതി ജീവ സാഗർ ഉടൻ തന്നെ ഫസ്റ്റ് സെക്രട്ടറിയും കമ്മ്യൂണിറ്റി വെൽഫെയർ ഓഫിസറുമായ പി പി നാരായണനോട് വിഷയത്തിൽ ഇടപെടാൻ നിർദേശിച്ചു.
കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിലും ബന്ധപ്പെട്ട അധികാരികളിലും പി പി നാരായണൻ വിവരം ധരിപ്പിച്ച്, രാജരാജൻ നിരപരാധിയാണ് എന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അതിൻറെ ഫലമായി 2017-ൽ ജയിൽ തടവുകാർക്ക് അമീർ നൽകുന്ന ശിക്ഷായിളവ് പട്ടികയിൽ രാജരാജനും ഇടംപിടിച്ചു. തുടർന്ന്, ജീവപര്യന്തം ശിക്ഷയിൽനിന്ന് ഒഴിവാക്കപ്പെട്ടു.
ജയിലിലെ ഉദ്യോഗസ്ഥർ രാജരാജനെക്കുറിച്ച് നൽകിയ റിപ്പോർട്ടുകളും ശിക്ഷയിൽ ഘട്ടം ഘട്ടമായി ഇളവുകൾ ലഭിക്കാൻ കാരണമായി. ഇപ്പോൾ നാട്ടിലേക്ക് മടക്കി അയയ്ക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. എംബസിയിൽ നിന്ന് ഔട്ട്പാസ് അടക്കം നൽകിയിട്ടുണ്ട്. നാട് കടത്തൽ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസം രാജരാജൻ സഹോദരിയെ വിളിച്ച് നാട്ടിലേക്കു മടങ്ങുന്നതിനുള്ള ഒരുക്കത്തിലാണെന്ന് അറിയിച്ചു.
ലഹരിമരുന്ന് കേസിലെ ശിക്ഷകൾ ഇപ്രകാരം
കുവൈത്തിലെ ലഹരി മരുന്ന് കേസുകളിൽ കച്ചവടക്കാർ അഥവാ ഇടനിലക്കാർ എന്നിവർക്ക് പരമാവധി ശിക്ഷയാണ് കുവൈത്ത് നൽകുന്നത്. വധശിക്ഷ, ജീവപര്യന്തം (ജീവിതാവസാനം വരെ) എന്നിവയാണ് വിധിക്കുന്നത്. വധശിക്ഷ അല്ലെങ്കിൽ 15 വർഷം മുതൽ ജീവിതാവസാനം വരെ തടവ്. രാജരാജനും പ്രസ്തുത പട്ടികയിലുൾപ്പെട്ട കേസിലാണ് അകപ്പെട്ടിരുന്നത്.
കൂടാതെ, ലഹരിമരുന്ന് ഉപയോഗിക്കുന്നവർക്ക് 3 വർഷം വരെ തടവ് ശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
∙ നാട്ടിലെ ഏജൻറിനെതിരേ കേസില്ല
രാജരാജനെ കുടുക്കിയ കുമരേശൻ, അബ്ദുള്ള എന്നിവർക്കെതിരെ കേസൊന്നുമില്ല. സഹോദരനെ കള്ളക്കേസിൽ കുടുക്കിയവർക്ക് എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട അൻപരശിയുടെ ശ്രമം വിഫലമായി. ഉന്നത സ്വാധീനം ഉപയോഗിച്ച് ഇവർ രക്ഷപ്പെട്ടതായിട്ടാണ് ആരോപണം. ഇതിനെതിരേ രണ്ട് വർഷത്തിനുശേഷം കുവൈത്ത് ഹ്യൂമൻ റൈറ്റ്‌സ് സൊസൈറ്റി അംഗമായ ആൽവിൻ ജോസ് ഡൽഹിയിലെ നാഷനൽ ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷനിലും ഓൺലൈൻ മുഖേന പരാതിപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
ഇത്തരത്തിലുള്ള പരാതിയുമായി പലരും സമീപിക്കാറുണ്ടെങ്കിലും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നും കാര്യമായ ഒരു നടപടിയും സ്വീകരിക്കാറില്ലെന്നാണ് വിദേശത്തേയ്ക്ക് തൊഴിൽ തേടി പോകുന്നവരിൽ ഏറെ ആശങ്ക സൃഷ്ടിക്കുന്നത്. കേന്ദ്ര സർക്കാരും ഇക്കാര്യം വേണ്ട രീതിയിൽ പരിഗണിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)