ഉപ്പ് ഇത്രയും വില്ലനോ? ആമാശയ ക്യാൻസറിനും രക്തസമ്മർദ്ദത്തിനും കാരണമാകും
ഉപ്പിന്റെ ഉപയോഗം ആമാശയ ക്യാൻസർ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് പഠനം. നേരത്തെ ഉപ്പിന്റെ അമിത ഉപയോഗം മൂലം ബിപി ഉയരുമെന്നും ഇത് മൂലം ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടാവാൻ സാധ്യത ഉണ്ടെന്നും തെളിഞ്ഞിരുന്നു. എന്നാൽ ഇത് ആദ്യമായാണ് ഉപ്പ് ഉപയോഗിക്കുന്നതിലൂടെ ക്യാൻസർ ഉണ്ടാവാനുള്ള സാധ്യത ഉറപ്പാക്കുന്ന പഠന റിപ്പോർട്ട് പുറത്തുവരുന്നത്.
പത്തുഗ്രാമിൽ കൂടുതൽ ഉപ്പ് ദിവസവും കഴിക്കുന്നത് ഉദര അർബുദത്തിന് ഇടയാക്കുമെന്ന് മുമ്പ് പുറത്തുവന്നിട്ടുള്ള ഒരു ജാപ്പനീസ് പഠനത്തിൽ പറയുന്നുണ്ട്. എലികൾക്ക് ഉപ്പ് അമിതമായി അടങ്ങിയ ഭക്ഷണം നൽകിയാണ് പരീക്ഷണം നടത്തിയത്. ഇതിലൂടെ ഉപ്പ് അമിതമായി അളവിൽ ഉപയോഗിച്ചത് വയറിന്റെ ആവരണത്തിൽ മാറ്റംവരുത്തുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഉദര അർബുദത്തിലേക്ക് നയിക്കുന്ന പ്രധാന ബാക്ടീരിയമാണ് ഹെലികോബാക്റ്റർ പൈലോറി (Helicobacter pylori ). ഇത് ഗ്യാസ്ട്രിക് അൾസറിനു കാരണമാവുകയും ഉദര അർബുദത്തിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്.
എച്ച്.പൈലോറിയുടെ തോത് വർധിപ്പിക്കുന്നതിൽ ഉപ്പിന് വലിയ പങ്കുണ്ടെന്നാണ് പ്രസ്തുത ലേഖനത്തിൽ പറയുന്നത്.ദഹനക്കുറവ്, വിശപ്പില്ലായ്മ, വയറുനിറഞ്ഞ അവസ്ഥ, രക്തസ്രാവം, മലത്തിൽ രക്തത്തിന്റെ അംശം, രക്തം കട്ടപിടിക്കുന്നത്, വേദന തുടങ്ങിയവയാണ് ഉദര അർബുദത്തിന്റെ ലക്ഷണങ്ങൾ.സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരിലാണ് ഉദര അർബുദത്തിനുള്ള സാധ്യത കൂടുതലെന്നാണ് പഠനത്തിൽ പറയുന്നത്.471,144 വ്യക്തികളിൽ നടന്ന പഠനത്തിലാണ് ഇത് സ്ഥിരീകരിച്ചത്.
നേരത്തെ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനായി വിപുലമായ ശ്രമങ്ങൾ കൈക്കൊള്ളാൻ ലോകാരോഗ്യസംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഉപ്പ് കഴിച്ചത് കൂടുതലാണ് എന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് വയറു വീർക്കുന്നത്. ഉപ്പ് അമിതമാകുന്നതിലൂടെ ശരീരത്തിലെ വെള്ളം വർധിക്കുകയും ദ്രാവകം അടിയുന്നതുകൂടുകയും ചെയ്യും.ശരീരത്തിൽ നീരുവെക്കുന്നതും ഉപ്പിന്റെ അളവ് കൂടുന്നുവെന്നതിന്റെ ലക്ഷണങ്ങളിലൊന്നാണ്.
മുഖം, കൈകൾ, കണങ്കാൽ തുടങ്ങിയവയിൽ നീരുവെക്കുമ്പോൾ ശ്രദ്ധിക്കണം. സാധാരണത്തേതിലും അമിതമായി ദാഹം തോന്നുന്നുവെങ്കിൽ അതിന് ഉപ്പും ഒരു കാരണമാകാം. ഏതാനും ദിവസങ്ങൾക്കോ ആഴ്ച്ചകൾക്കോ ഉള്ളിൽ വണ്ണംവെച്ചതായി തോന്നുന്നുവെങ്കിൽ അതിനു പിന്നിൽ ഉപ്പിനും സ്ഥാനമുണ്ടാകാം.ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പ് ഉപ്പ് കൂടുതലായുള്ള ഭക്ഷണമാണ് കഴിച്ചതെങ്കിൽ ഉറക്കം സുഖകരമാകില്ല. മതിയായ ഉറക്കം ലഭിക്കാത്തതും ഉറക്കത്തിൽ ഇടയ്ക്കിടെ എഴുന്നേൽക്കുന്നതുമൊക്കെ അതിന്റെ ലക്ഷണങ്ങളാകാം.ഛർദിക്കണമെന്ന തോന്നലോ, വയറിളക്കമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉപ്പിന്റെ അളവും കാരണമായിരിക്കാം.
Comments (0)