18 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ സൗദി ജയിലിൽ റഹീമിനെ കണ്ട് ഒന്നിച്ച് ചായ കുടിച്ച് ഉമ്മയും ബന്ധുക്കളും
18 വർഷമായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മയുൾപ്പെടെയുള്ള ബന്ധുക്കൾ സന്ദർശിച്ചു. ആദ്യം നടക്കാതെ പോയ കൂടിക്കാഴ്ച്ച ഒടുവിൽ യാഥാർത്ഥ്യമായി. ഉംറ നിർവ്വഹിക്കുന്നതിനൊപ്പം റഹീമിനെ കാണാൻ കൂടി ലക്ഷ്യമിട്ടായിരുന്നു കുടുംബം റിയാദിൽ എത്തിയത്. ഉമ്മ ഫാത്തിമ, സഹോദരൻ, അമ്മാവൻ എന്നിവരെയാണ് റഹീം കണ്ടത്. 18 വർഷത്തിനിടെ ആദ്യമായാണ് കുടുംബവുമായുള്ള റഹീമിന്റെ കൂടിക്കാഴ്ച. ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിലെത്തിയ ഫാത്തിമ റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ എത്തിയാണ് റഹീമിനെ കണ്ടത്. കഴിഞ്ഞ ദിവസം ഇവർ സൗദിയിലെത്തിയെങ്കിലും ഇവരെ റഹീം കണ്ടിരുന്നില്ല. ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്നാണ് റഹീം അന്ന് പ്രതികരിച്ചത്. പിന്നീട് പല തലത്തിലുണ്ടായ ഇടപെടലിന് ശേഷമാണ് കൂടിക്കാഴ്ച്ച നടന്നത്.
കൂടിക്കാഴ്ച്ച അര മണിക്കൂറോളം നീണ്ടു. ഈ മാസം 17നാണ് റഹീമിന്റെ മോചന ഉത്തരവ് സംബന്ധിച്ച ഫയൽ കോടതി പരിഗണിക്കുന്നത്. നേരത്തെ ഫയൽ പരിഗണിച്ച കോടതി ഇത് 17ലേക്ക് മാറ്റുകയായിരുന്നു. അന്ന് നിർണായക ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)