ഒരുമാസം മുമ്പു നാട്ടിലെത്തിയ പ്രവാസി യുവാവ് ട്രെയിൻ ഇടിച്ച് മരിച്ചതിൽ ദുരൂഹത; അന്വേഷിക്കണമെന്ന് കുടുംബം
പ്രവാസി യുവാവ് കുറ്റിപ്പുറത്ത് ട്രെയിൻ ഇടിച്ചു മരിച്ചതിൽ ദുരൂഹതയെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ. കുറ്റിപ്പുറം ഗവ. ആശുപത്രിക്ക് സമീപം താമസിക്കുന്ന 25വയസ്സുകാരനായ മേലേതിൽ ഇക്ബാലാണ് കഴിഞ്ഞ ദിവസം മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 11.45ഓടെയാണു സംഭവം. ചെമ്പിക്കൽ മഞ്ചാടിയിൽ വെച്ചു ഒരാളെ ഗാന്ധിധാം എക്സ്പ്രസ് തട്ടിയെന്ന വിവരത്തിന്റെ അടസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസ് നടത്തിയ പരിശോധനയിലാണു ഇക്ബാലിനെ ഗുരുതര പരുക്കുകളോടെ കണ്ടെത്തിയത്. സംഭവ സമയത്ത് ജീവനുണ്ടായിരുന്നു. തുടർന്നു തൊട്ടടുത്തുള്ള സ്വകാര്യാശുപത്രിയിൽ എത്തിച്ച ശേഷമാണു മരണം സംഭവിച്ചത്. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടിയ നിലയിലായിരുന്നു ഇക്ബാലിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം 8 മണിയോടെ കൂട്ടുകാരൻ വിളിച്ചിട്ടാണ് ഇക്ബാൽ പുറത്തേക്ക് പോയത്. പിന്നീടാണ് മരണവിവരം വീട്ടുകാർ അറിയുന്നത്. ഇക്ബാൽ റെയിൽവേ ഭാഗത്തേക്ക് പോകാനുള്ള ഒരു സാധ്യതയും ഇല്ലെന്നും കൂടെയുണ്ടായിരുന്നത് ആരൊക്കെ ആയിരുന്നു എന്നുള്ളതൊന്നും അറിയില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഇക്ബാലിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ ആരും ഫോണെടുത്തില്ലെന്നും ബന്ധുക്കൾ പറയുന്നു. വിദേശത്തുനിന്നും ഒരു മാസം മുമ്പാണ് ഇക്ബാൽ നാട്ടിലെത്തിയത്. ഭാര്യയും ഒരു കുട്ടിയുമുണ്ട്. അതേസമയം സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുറ്റിപ്പുറം പോലീസിന് പരാതി നൽകിയിരിക്കുകയാണ് ബന്ധുക്കൾ. കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ശേഷം കുറ്റിപ്പുറം കഴുത്തല്ലൂർ പള്ളിപ്പടി ജുമാമസ്ജിദിൽ ഖബറടക്കി. സൈനബായാണ് മാതാവ്. ഭാര്യ: ജസ്നി. മകൾ: ദുആ മറിയം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)