കുവൈത്തിൽ പട്രോളിംഗ് നടത്തുമ്പോൾ ഉദ്യോഗസ്ഥർ ഗതാഗത നിയമം ലംഘിച്ചാൽ നടപടി
കുവൈത്തിൽ ട്രാഫിക് പട്രോളിംഗ് നടത്തുമ്പോൾ ഉദ്യോഗസ്ഥർ ഗതാഗത നിയമം പാലിക്കുവാൻ ബാധ്യസ്ഥരാണെന്ന് ഒന്നാം ഉപ പ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് മുന്നറിയിപ്പ് നൽകി.ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും പ്രാദേശിക പത്രത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.നിയമ വാഴ്ച നടപ്പിലാക്കുന്നതിൽ ചുമതല നിർവഹിക്കുന്നവരാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ.ഇത് കൊണ്ട് തന്നെ അച്ചടക്കത്തിലും പ്രതിബദ്ധതയിലും അവർ മറ്റുള്ളവർക്ക് മാതൃകയാകേണ്ടവരുമാണ്.ആരും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, അശ്രദ്ധ എന്നിവ മൂലം സംഭവിക്കുന്ന വാഹനാപകടങ്ങൾ കുറയ്ക്കുക എന്നതാണ് പുതിയ ട്രാഫിക് നിയമത്തിൻ്റെ ലക്ഷ്യമെന്നും ശൈഖ് ഫഹദ് അൽ യൂസഫ് പറഞ്ഞു. ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് മാസത്തിന് ശേഷം പുതിയ ട്രാഫിക് നിയമം നടപ്പിലാക്കും. താമസ നിയമലംഘകർക്കെതിരെ ആരംഭിച്ച സുരക്ഷാ പരിശോധനകൾ വഴി അനധികൃത തൊഴിലാളികളുടെയും താമസ നിയമ ലംഘകരുടെയും എണ്ണം ഗണ്യമായി കുറയ്ക്കുവാൻ സഹായകമായി. 80,000 മുതൽ 90,000 വരെ നിയമലംഘകരെ ഇതിനകം നാടുകടത്തി. നിയമലംഘകരുടെ എണ്ണത്തെക്കുറിച്ച് പ്രതിമാസ സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.രാജ്യത്ത് ബയോ മെട്രിക് സംവിധാനം നടപ്പിലാക്കിയതോടെ വ്യാജ രേഖകൾ ചമച്ച് പൗരത്വം നേടിയവരെയും ഇരട്ട പൗരത്വമുള്ള നിരവധി പേരെയും കണ്ടെത്താൻ കഴിഞ്ഞതായും ഷെയ്ഖ് ഫഹദ് അൽ-യൂസഫ് വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg
Comments (0)