Posted By Editor Editor Posted On

44 വർഷത്തിനു ശേഷം ട്രാഫിക് നിയമത്തിൽ വൻ മാറ്റങ്ങൾ; കുവൈത്തിന്റെ പുതിയ നിയമം സമ​ഗ്രമായി അറിയാം

രാജ്യത്ത് ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായി നിലവിലെ ട്രാഫിക് നിയമത്തിൽ വൻ ഭേദഗതികളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പുതിയ ട്രാഫിക് നിയമത്തിനുള്ള കരട് അന്തിമരൂപം നൽകി മന്ത്രിസഭയിൽ സമർപ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടറിൻറെ ആക്ടിങ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദ അറിയിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ നിയമത്തിന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ചാൽ കരട് നിയമം കുവൈറ്റ് അമീർ ശെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് റഫർ ചെയ്യും.വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 70 ദിനാർ പിഴ ഈടാക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഭേദഗതി. കൂടാതെ, അശ്രദ്ധമായി വാഹനമോടിച്ചാൽ 150 ദിനാർ പിഴ ചുമത്തും. പുതിയ നിയമനിർമ്മാണത്തിൽ എല്ലാ പിഴകളും വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ട്. ഗതാഗത ലംഘനത്തിനുള്ള ഏറ്റവും കുറഞ്ഞ പിഴ 15 ദിനാറായിരിക്കും. അനധികൃത പാർക്കിങ്ങിനാണ് ഈ പിഴ.പ്രവാസികൾക്ക് ഒന്നിൽ കൂടുതൽ വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ നിന്നുള്ള വിലക്കാണ് പുതിയ നിയമത്തിൻറെ മറ്റൊരു പ്രധാന വ്യവസ്ഥ. പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് അൽ ഖുദ്ദ വെളിപ്പെടുത്തി. 44 വർഷത്തിനു ശേഷമാണ് കുവൈറ്റ് ട്രാഫിക് നിയമത്തിൽ കാതലായ ഭേദഗതികൾ വരുത്തുന്നത്. നിലവിലെ നിയമം 1979ൽ നിർമിച്ചതാണ്. ഇതിലെ വ്യവസ്ഥകൾ നിയമ ലംഘനങ്ങൾ തടയാൻ പര്യാപ്തമല്ലെന്ന തിരിച്ചറിവാണ് പുതിയ നിയമം ഉണ്ടാക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.മേജർ ജനറൽ അൽഖുദ്ദ അവതരിപ്പിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം വാഹനാപകടങ്ങളാണ് കുവൈറ്റിലെ രണ്ടാമത്തെ പ്രധാന മരണകാരണം. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും ആത്യന്തികമായി ജീവൻ രക്ഷിക്കുന്നതിനും വേണ്ടിയാണ് കർശനമായ പിഴകൾ ഏർപ്പെടുത്തുന്നതെന്ന് അൽ ഖുദ്ദ പറഞ്ഞു.കുവൈറ്റിൽ പ്രതിദിനം ശരാശരി 300 അപകടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും 90 ശതമാനവും അശ്രദ്ധമായ ഡ്രൈവിങ്ങും ഡ്രൈവിങ്ങിനിടെയുള്ള സെൽഫോൺ ഉപയോഗവുമാണ് ഇതിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ നിയമപ്രകാരം ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗത്തിനുള്ള പിഴ അഞ്ച് ദിനാറിൽ നിന്ന് 75 ദിനാറായി വർധിക്കും. കൂടാതെ, സീറ്റ് ബെൽറ്റ് ധരിക്കാത്തതിൻറെ പിഴ 10 ദിനാറായിരുന്നത് 30 ദിനാറാകും. അശ്രദ്ധമായി വാഹനമോടിക്കുന്നതിനുള്ള പിഴ 30ൽ നിന്ന് 150 ദിനാറായും ഉയരും.പുതിയ നിയമം പൊതുനിരത്തുകളിൽ റേസിംഗ് നടത്തുന്നതിനുള്ള പിഴയും വർധിപ്പിച്ചിട്ടുണ്ട്. 50 മുതൽ 150 വരെ ദിനാറാണ് ഇതിനുള്ള പിഴ. അമിതമായ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിച്ചാലുള്ള പിഴ 10ൽ നിന്ന് 75 ദിനാറായി ഉയർന്നു. ഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗ് ഏരിയയിൽ വാഹനം നിർത്തിയാലുള്ള ശിക്ഷയും കുത്തനെ കൂടി. 10 ദിനാർ മുതൽ 150 ദിനാർ വരെയാണ് നിലവിലെ ധാരണ. അമിത വേഗത്തിനുള്ള പിഴകൾ 20 ദിനാർ മുതൽ 50 ദിനാർ വരെയായിരുന്നത് 70 മുതൽ 150 വരെ റിയാലായി മാറും.മയക്കുമരുന്നും മദ്യവും കഴിച്ച് വാഹനമോടിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള പിഴ 1,000 ദിനാറിൽ നിന്ന് 3,000 ദിനാറായി ഉയർത്തിയിട്ടുണ്ട്. ഇതുനു പുറമെ, ഒരു വർഷം മുതൽ രണ്ട് വർഷം വരെ തടവ് ശിക്ഷയ്ക്കും സാധ്യതയുണ്ട്. അതേസമയം മദ്യം, മയക്കുമരുന്ന് തുടങ്ങിയ കഴിച്ച് വാഹനമോടിച്ച് പൊതു- സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചാൽ 2000 മുതൽ 3000 വരെ ദിനാർ പിഴയും അഞ്ച് വർഷം വരെ തടവുമാണ് ശിക്ഷ. ഈ രീതിയിൽ വാഹനമോടിച്ച് പരിക്കുകളോ മരണമോ ഉണ്ടാക്കുന്നവർക്കും ഇതേ പിഴയും തടവുമാണ് ലഭിക്കുക.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *