Posted By Editor Editor Posted On

കുവൈറ്റിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ പ്രവാസി; നിർണായകമായത് രക്തക്കറ: ആസൂത്രിത കൊലപാതകം

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റ മരുഭൂമിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം ഇന്ത്യൻ പൗരന്റേതെന്ന് തിരിച്ചറിഞ്ഞു. ആന്ധ്രപ്രദേശ് വൈഎസ്ആർ ജില്ല സൊന്തംവരിപള്ളി സ്വദേശി വീരാൻജുലു (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്പോൺസറായ കുവൈത്ത് സ്വദേശിയെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞ രക്തക്കറ പുരണ്ട വസ്ത്രങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നി​ഗമനം.

കാറിലെത്തിയ ഒരാൾ രക്തക്കറ പുരണ്ട വസ്ത്രങ്ങൾ വലിച്ചെറിയുന്നത് കണ്ടുവെന്ന് വിവരം ലഭിച്ചതോടെയാണ് പ്രദേശത്തെ സിസിടിവി ക്യാമകറൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. തുടർന്ന് വാഹന ഉടമയുടെ വിവരങ്ങൾ കണ്ടെത്തി. കാറിൽ നടത്തിയ പരിശോധനയിൽ കാറിൽ നിന്നും പൊലീസ് രക്തക്കറ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. യുവാവിനെ കൊന്ന് അംങ്കാര സ്ക്രാപ് യാർഡിന് പിന്നിലുള്ള മരുഭൂമി പ്രദേശത്ത് തള്ളിയെന്നും പ്രതി പൊലിസിനോട് പറഞ്ഞു.

ശനിയാഴ്ച മുതലാണ് വീരാൻജുലുവിനെ കാണാതാകുന്നത്. താനും സ്പോൺസറും ചേർന്ന് മരുഭൂമി പ്രദേശത്ത് പോകുകയായിരുന്നുവെന്ന് വീരാൻജുലു ഭാര്യക്ക് സന്ദേശം അയച്ചിരുന്നു. എന്നാൽ രാത്രിയോടെ സ്പോൺസർ മടങ്ങിയെത്തിയെങ്കിലും വീരാൻജുലു എത്തിയിരുന്നില്ല. ഭർത്താവിനെ കുറിച്ച് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ഭാര്യ ചെന്നകേസുലമ്മ പറഞ്ഞു. അടുത്ത ദിവസം വരുമെന്ന് പറഞ്ഞ് കാത്തിരുന്നെങ്കിലുംവീരാൻജുലു തിരിച്ചെത്തിയില്ല. ഇതോടെ ഭാര്യ നാട്ടിലെ ബന്ധുക്കളെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ ആശുപത്രി കേന്ദ്രീകരിച്ച് തിരച്ചിൽ നടത്താൻ ഭാര്യ ശ്രമിച്ചെങ്കിലും സ്പോൺസർ തടയുകയായിരുന്നു. ഇതിനിടെയാണ് പൊലീസിന് പ്രതിയെ സംബന്ധിച്ച് വിവരം ലഭിക്കുന്നതും അന്വേഷണം നടക്കുന്നതും.

പത്തു വർഷത്തോളമായി സ്പോൺസറുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു വീരാൻജുലു. നാല് വർഷം മുമ്പാണ് ഇയാൾ ഭാര്യയേയും ജോലിക്കായി ഇതേ വീട്ടിലേക്ക് കൊണ്ടുവന്നത്. ഇന്ത്യൻ എംബസിയുടെ ഇടപെടലിൽ ബുധനാഴ്ച രാത്രിയോടെ വീരാൻജുലുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ ചെന്നകേസുലമ്മയും കുവൈത്തിലുള്ള ബന്ധുക്കളോടൊപ്പം നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *