Posted By user Posted On

സീതാറാം യെച്ചൂരി അന്തരിച്ചു, വിട വാങ്ങിയത് പാർട്ടിയുടെ സൗമ്യ മുഖം

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം. സൗമ്യതയും വിനയവും മുഖമുദ്രയാക്കി രാഷ്ട്രീയ വൃത്തങ്ങളിൽ മാതൃകയായ യെച്ചൂരിയെന്ന അതികായന്റെ ആകസ്മിക വിയോഗത്തോടെ സക്രിയമായ ഒരു അധ്യായത്തിനാണ് അവസാനമാകുന്നത്. 32 വർഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു.

ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായിരുന്നു. ദില്ലി സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജെ.എന്‍.യുവില്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. 1974-ല്‍ എസ്എഫ്ഐയില്‍ അംഗമായി. മൂന്നുവട്ടം ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്‍റായി. ജെഎന്‍യുവില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂര്‍ത്തിയാക്കാനായില്ല. അടിയന്തിരാവസ്ഥ കാലത്ത് 1975-ല്‍ അദ്ദേഹം അറസ്റ്റിലായി. 1978-ല്‍ എസ്എഫ്ഐയുടെ ദേശീയ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1984 ൽ എസ്‌എഫ്‌ഐയുടെ ദേശീയ പ്രസിഡന്റായ യച്ചൂരി അതേ വർഷം സിപിഎം കേന്ദ്ര കമ്മിറ്റിയിൽ പ്രകാശ് കാരാട്ടിനൊപ്പം സ്‌ഥിരം ക്ഷണിതാവുമായി. 1986-ല്‍ എസ്എഫ്ഐ ദേശീയ പ്രസിഡന്‍റായി. 1984-ല്‍ 32ാം വയസ്സിലാണ് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായത്. 1988-ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി. 1992ലാണ് പൊളിറ്റ് ബ്യൂറോയിലെത്തുന്നത്.

1996 ൽ യച്ചൂരിയും പി. ചിദംബരവും എസ്. ജയ്‌പാൽ റെഡ്‌ഡിയും ചേർന്നിരുന്ന് ഐക്യമുന്നണി സർക്കാരിന്റെ പൊതു മിനിമം പരിപാടിയുണ്ടാക്കി. 2004 ൽ യുപിഎ സർക്കാരിന്റെ പൊതു മിനിമം പരിപാടിയുണ്ടാക്കാൻ യച്ചൂരിയും ജയ്‌റാം രമേശും ഒത്തുകൂടി. സീമ ചിസ്തിയാണ് ഭാര്യ. ഇന്ദ്രാണി മജുംദാറാണ് ആദ്യ ഭാര്യ. മക്കൾ: പരേതനായ ആശിഷ് യച്ചൂരി, അഖില യച്ചൂരി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *