Posted By user Posted On

ഗൂഗിൾ മാപ്പ് ചതിച്ചു, ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനം കിട്ടിയില്ലെന്ന് യുവാവ്: സോഷ്യൽ മീഡിയ കുറിപ്പ് വൈറൽ

കാര്യം വഴി കണ്ടെത്താൻ നമ്മിൽ പലരും ആദ്യം ആശ്രയിക്കുന്നത് ഗൂഗിൾ മാപ്പിനെ ആണെങ്കിലും ഈയടുത്തായി ചങ്ങാതി വഴിതെറ്റിക്കുന്നത് ഒരു പതിവാക്കി ഇരിക്കുകയാണ്. ഗൂഗിൾ മാപ്പ് നോക്കിപ്പോയി കാട്ടിലും പുഴയിലും ഒക്കെ ആളുകൾ പെട്ടുപോയതുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ഗൂഗിൾമാപ്പിനെതിരെ മറ്റൊരു ആരോപണം കൂടി ഉയർത്തിയിരിക്കുകയാണ് ഒരു എക്സ് യൂസർ. ഗൂഗിൾ മാപ്പിനെ ആശ്രയിച്ചത് കൊണ്ട് ബംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് തനിക്ക് പോകേണ്ടിയിരുന്ന വിമാനം മിസ്സായി എന്നാണ് ഇദ്ദേഹത്തിൻറെ പരാതി.എക്‌സ് (മുമ്പ് ട്വിറ്റർ), ഉപയോക്താവ് ആശിഷ് കച്ചോളിയാണ് ഇത്തരത്തിലൊരു ആക്ഷേപം ഗൂഗിൾ മാപ്പിനെതിരെ ഉയർത്തിയിരിക്കുന്നത്. എയർപോർട്ടിലേക്കുള്ള യാത്രാസമയം കൃത്യമായി കണക്കാക്കുന്നതിൽ ഗൂഗിൾ മാപ്പ് പരാജയപ്പെട്ടുവെന്നും തൽഫലമായി തൻ്റെ ഫ്ലൈറ്റ് മിസ്സായി എന്നുമാണ് ആശിഷ് എക്സിൽ കുറിച്ചത്. ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിൽ നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (കെഐഎ) 50 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നാണ് ആശിഷ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്. ഒരു മണിക്കൂറും 45 മിനിറ്റും യാത്രാ സമയം ആപ്പ് കാണിച്ചെന്നും എന്നാൽ വിമാനത്താവളത്തിൽ എത്താൻ യഥാർത്ഥത്തിൽ മൂന്ന് മണിക്കൂർ എടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ തനിക്ക് യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം മിസ്സായി എന്നും ആശിഷ് പറഞ്ഞു.പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധി പേർ ഗൂഗിൾ മാപ്പ് തങ്ങളെയും ചതിച്ചിട്ടുണ്ട് എന്ന അഭിപ്രായവുമായി രംഗത്തെത്തി. ഗൂഗിൾ മാപ്പിനെ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആയി എന്നും വഴിതെറ്റി പോകാതിരിക്കാൻ നാട്ടുകാരുടെ സഹായം തേടുന്നതാണ് ഏറ്റവും നല്ലത് എന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ കുറ്റം ഗൂഗിൾ മാപ്പിന്റെതല്ലെന്നും ബംഗളൂരുവിലെ ട്രാഫിക്കിന്റേതാണെന്നും അഭിപ്രായപ്പെട്ടവരും കുറവല്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32

Comments (0)

Leave a Reply

Your email address will not be published. Required fields are marked *