കുവൈത്ത് തീപിടുത്ത മരിച്ച നോർക്ക അംഗങ്ങൾക്ക് ഇൻഷൂറൻസ് തുക ലഭ്യമായി
മംഗഫ് തൊഴിലാളി ക്യാമ്പിൽ നടന്ന തീപിടുത്ത ദുരന്തത്തിൽ മരണപ്പെട്ട നോർക്ക അംഗങ്ങളായ പ്രവാസികളുടെ കുടുംബങ്ങൾക്ക് ഇൻഷൂറൻസ് തുക ലഭ്യമാക്കിയെന്ന് നോർക്ക റൂട്സ് സി.ഇ.ഒ അറിയിച്ചതായി പ്രവാസി വെൽഫെയർ കുവൈത്ത് ഭാരവാഹികൾ പറഞ്ഞു. ദുരന്തത്തിൽ മരണപ്പെട്ട മലയാളികളുടെ വിവരങ്ങൾ വിശദമായി പരിശോധിച്ച് അവരിൽ നോർക്ക ഐ.ഡി കാർഡ് എടുത്ത അഞ്ചു പേരുടെ വിവരങ്ങൾ പ്രവാസി വെൽഫെയർ കുവൈത്ത് കണ്ടെത്തിയിരുന്നു. പ്രസ്തുത കുടുംബങ്ങളെ പ്രവാസി വെൽഫെയർ കുവൈത്ത് ഭാരവാഹികൾ ബന്ധപ്പെടുകയും ഇൻഷൂറൻസ് തുക ലഭിക്കുന്നതിനുള്ള രേഖകൾ തയ്യാറാക്കാൻ സഹായിക്കുകയും ചെയ്തു.
കൂടാതെ അംഗങ്ങളുടെ വിശദ വിവരങ്ങൾ നോർക്ക സി.ഇ.ഒ ക്ക് കൈമാറി ഇൻഷുറൻസ് തുക ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്ന് ഇതിൽ നാല് അംഗംങ്ങളുടെ കുടുംബങ്ങൾക്ക് ഇൻഷൂറൻസ് തുകയായ നാല് ലക്ഷം രൂപ ലഭ്യമാക്കിയതായി നോർക്കയിൽ നിന്ന് ഔദ്യോഗിക വിവരം ലഭിച്ചതായി പ്രവാസി വെൽഫെയർ കുവൈത്ത് നോർക്കാ വകുപ്പ് കൺവീനർ റഫീഖ് ബാബു പൊൻമുണ്ടം അറിയിച്ചു.ഒരു അംഗത്തിന്റെ നോർക്കാ ഐഡി കാർഡ് കാലാവധി കഴിഞ്ഞതിനാൽ ഇൻഷൂറൻസ് നൽകാൻ കഴിയില്ല എന്നും നോർക്ക അറിയിച്ചു. നോർക്കാ ഐഡി കാർഡ് എടുത്ത അംഗങ്ങൾക്ക് അപകട മരണം സംഭവിച്ചാൽ 4 ലക്ഷം രൂപ ഇൻഷൂറൻസ് ലഭിക്കും. എന്നാൽ പ്രവാസികളിൽ ഭൂരിഭാഗം പേരും ഇതിന്റെ ഗൗരവം മനസ്സിലാക്കാതെ ഇത് വരെ അംഗത്വം എടുത്തിട്ടിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണെന്നും പ്രവാസി വെൽഫെയർ കുവൈത്ത് ഭാരവാഹികൾ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
Comments (0)