വീണ്ടും യുദ്ധഭീതിയിൽ ലോകം; ഇസ്രായേൽ ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തു
ഇസ്രായേലിനെതിരായ പ്രത്യാക്രമണത്തിന്റെ ഭാഗമായി ഇസ്രായേൽ ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇറാൻ. ഇസ്രയേൽ വ്യവസായിക്ക് പങ്കാളിത്തമുള്ള കമ്പനിയുടെ കപ്പലാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് പിടിച്ചെടുത്തത്. യുഎഇയിൽനിന്നു മുംബൈ നാവസേവ തുറമുഖത്തേയ്ക്കു വരുകയായിരുന്ന ‘എംസിഎസ് ഏരീസ്’ എന്നു പേരുള്ള കണ്ടെയ്‌നർ കപ്പലാണ് ഹോർമുസ് കടലിടുക്കിൽ വച്ച് പിടിച്ചെടുത്തത്. രണ്ടു മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരും കപ്പലിലുണ്ടെന്നാണ് റിപ്പോർട്ട്. കോഴിക്കോട്, പാലക്കാട് സ്വദേശികളാണ് കപ്പലിലുള്ള മലയാളികളാണ് വിവരം. ഏപ്രിൽ 1ന് സിറിയൻ തലസ്ഥാനമായ ഡമസ്കസിലെ ഇറാൻ എംബസി ആക്രമിച്ചതോടെ, ഇസ്രായേലിനെതിരെ ഇറാന്‍റെ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പിനു പിന്നാലെയാണ് പുതിയ സംഭവം.
ഏത് സാഹചര്യത്തിലാണ് കപ്പൽ പിടിച്ചെടുത്തതെന്നും എന്താണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. നിലവിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ഇറാന്റെ വിശദീകരണം. പിടിച്ചെടുത്ത കപ്പൽ ഇറാൻ തീരത്തേക്കു മാറ്റി. എമിറാത്തി തുറമുഖ നഗരമായ ഫുജൈറയ്ക്ക് സമീപത്തുവച്ച് ഹെലിബോൺ ഓപ്പറേഷൻ നടത്തിയാണ് നാവികസേനയുടെ പ്രത്യേക സംഘം കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഏപ്രിൽ ഒന്നിന് സിറിയയിലെ ഇറാൻ കോൺസുലേറ്റിനുനേരെ ഇസ്രായേൽ ആക്രമണം നടത്തി മുതിർന്ന നേതാക്കളെ വധിച്ചതാണ് മേഖലയിലെ സാഹചര്യം വഷളാക്കിയത്. ഇസ്രായേലിനെതിരെ പ്രതികാരം തീർച്ചയാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെ, 24 മുതൽ 48 മണിക്കൂറിനകം ഇസ്രായേലിന്‍റെ മണ്ണിൽ ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കൻ ഇന്‍റലിജൻസിനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇതോടെ തുർക്കി, ചൈന, സൗദി അറേബ്യ, യു.എ.ഇ അടക്കം രാജ്യങ്ങളിലെ പ്രമുഖരുമായി ബന്ധപ്പെട്ട് ഇറാനെ ആക്രമണത്തിൽനിന്ന് പിന്തിരിപ്പിക്കാൻ യു.എസ് ശ്രമം തുടരുകയാണ്. ഇതിനിടെയാണ് ഇസ്രായേലുമായി ബന്ധമുള്ള കണ്ടെയ്നർ കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന് ഇറാൻ ആരോപിക്കുകയും പ്രതികരിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. അതേസമയം, കഴിഞ്ഞ മാസങ്ങളിലെല്ലാം സിറിയയിലുടനീളമുള്ള ഇറാനിയൻ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നിരവധി ആക്രമണങ്ങളാണ് നടത്തിയത്. ഈ ആക്രമണങ്ങൾ തീർച്ചയായും തിരിച്ചടി നൽകുമെന്ന് ഇറാനും ലെബനനിലെ പ്രധാന സഖ്യകക്ഷിയായ ഹിസ്ബുള്ളയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ, ഫ്രാൻസ്, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരോട് ഇസ്രായേലിലേക്കും ഇറാനിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim
Comments (0)