യുവാക്കളിൽ ഹൃദയസ്തംഭനം കൂടുന്നു: ഈ ലക്ഷണങ്ങൾ കാണാതെ പോകരുത്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഇന്ന് യുവാക്കൾ പോലും കാർഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം മൂലം മരണപ്പെടുന്ന വാർത്ത നാം കേൾക്കുന്നുണ്ട്. മറ്റ് അവയവങ്ങളിലേക്ക് രക്തം പമ്പ് ചെയ്തു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് ഒറ്റയടിക്ക് മുന്നറിയിപ്പുകളൊന്നുമില്ലാതെ നിലച്ചു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം അഥവാ കാർഡിയാക് അറസ്റ്റ്. ഹൃദയമിടിപ്പിന്റെ താളം തെറ്റുക, പെട്ടെന്ന് നെഞ്ച് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ഹൃദയസ്തംഭനത്തിന്റെ സൂചനകളാണ്. നെഞ്ചിടിപ്പ് കൂടുക, പൾസ് ഇല്ലാതാവുക, ബോധക്ഷയം, തലകറക്കം, ശ്വാസംമുട്ടൽ, പെട്ടെന്ന് കുഴഞ്ഞുവീഴുക, ക്ഷീണം, സംസാരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുക തുടങ്ങിയവയൊക്കെ ഹൃദയസ്തംഭനത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം.
പുകവലി, ചീത്ത കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, മാനസികവും സാമൂഹികവുമായ സമ്മർദ്ദം, വ്യായാമമില്ലായ്മ, അമിതവണ്ണം, ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി, അമിത മദ്യപാനം തുടങ്ങിയവയൊക്കെയാകാം ഹൃദയസ്തംഭനത്തിന്റെ കാരണങ്ങൾ.
ഹൃദയസ്തംഭനത്തെ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
രക്തസമ്മർദ്ദം ഉയരുന്നത് ഹൃദയത്തിന് പണി തരുമെന്ന് എല്ലാവർക്കും അറിയാമല്ലോ. അതിനാൽ ഹൃദയസ്തംഭനത്തെ തടയാൻ രക്തസമ്മർദ്ദം ഉയരാതെ നോക്കുക.
കൊളസ്‌ട്രോൾ നിയന്ത്രിക്കുക എന്നതാണ് അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം. ശരീരത്തിൽ കൊളസ്‌ട്രോൾ അടിയുന്നതും ഹൃദയത്തിന്റെ പ്രവർത്തനത്തെ മോശമായി ബാധിക്കും.
പ്രമേഹത്തെ നിയന്ത്രിക്കേണ്ടതും ഹൃദയസ്തംഭനത്തെ തടയാൻ സഹായിച്ചേക്കാം.
പുകവലി ഹൃദയാഘാതത്തിനു കാരണമാകുമെന്നതിനാൽ തന്നെ പുകവലിയും ഉപേക്ഷിക്കുക.
ശരീരഭാരം ഉയരാതെ നോക്കേണ്ടതും ഹൃദയത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്.
അതുപോലെ തന്നെ ക്യത്യമായ വ്യായാമവും വേണം. എന്നുകരുതി വ്യായാമം അധികം ആകാനും പാടില്ല.
സ്‌ട്രെസ് കുറച്ചാൽ ഹൃദയത്തിന്റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഗുണം ചെയ്യും.
ചിട്ടയായ ജീവിതശൈലിക്കൊപ്പം ഹൃദയപരിശോധനയും ഇടയ്ക്ക് നടത്തുക എന്നതും പ്രധാനമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)