കുവൈത്തിൽ നീറ്റ പരീക്ഷയ്ക്ക് കേന്ദ്രമില്ല: പ്രവാസി വിദ്യാർഥികൾക്ക് തിരിച്ചടി
മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രസ് ടെസ്റ്റ് (നീറ്റ്) പരീക്ഷക്ക് ഇന്ത്യക്ക് പുറത്ത് കേന്ദ്രങ്ങളില്ലാത്തത് കുവൈത്ത് പ്രവാസികൾക്കും തിരിച്ചടിയായി.പരീക്ഷക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനൊപ്പം പ്രസിദ്ധീകരിച്ച പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്നാണ് കുവൈത്ത് അടക്കമുള്ള ഇന്ത്യക്ക് പുറത്തെ കേന്ദ്രങ്ങളെല്ലാം ഒഴിവായത്. ഇന്ത്യയിലെ 554 നഗരങ്ങളിലായി 5000ത്തോളം പരീക്ഷാ കേന്ദ്രങ്ങളാണ് ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചത്.പ്രവാസികളുടെ ആവശ്യങ്ങളെ തുടർന്ന് മൂന്നു വർഷം മുമ്പാണ് കുവൈത്തിൽ ആദ്യമായി നീറ്റ് പരീക്ഷക്ക് സെന്റർ അനുവദിച്ചത്. ആദ്യ വർഷം ഇന്ത്യൻ എംബസിയിലും തുടർന്ന് സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലുമായിരുന്നു പരീക്ഷ നടത്തിയത്. കഴിഞ്ഞ വർഷം അബ്ബാസിയയിലെ ഇന്ത്യൻ എജുക്കേഷൻ സ്കൂളിലായിരുന്നു പരീക്ഷ. കുവൈത്തിലെ പരീക്ഷ സെന്റർ ഒഴിവാക്കിയത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഉടൻ തന്നെ ഇവ പുന:സ്ഥാപിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിക്കും എന്ന പ്രതീക്ഷയിലാണ് കുവൈത്ത് പ്രവാസികൾ.പരീക്ഷക്കുവേണ്ടി മാത്രം നാട്ടിൽ പോയിവരുക എന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ പ്രയാസം തീർക്കുന്ന ഒന്നാണ്. മക്കളെ മാത്രം നാട്ടിലേക്ക് അയക്കാൻ കഴിയില്ല. കൂടെ രക്ഷിതാവും പോകേണ്ടിവരും. കുവൈത്തിൽ ജോലിയും മറ്റുമുള്ള രക്ഷിതാക്കൾക്ക് പെട്ടെന്ന് ലീവ് കിട്ടാനും പ്രയാസമാകും. മറ്റു കുട്ടികൾ ഉള്ളവരാണെങ്കിൽ അവർക്ക് സ്കൂൾ ഉള്ളതിനാൽ അതും പ്രയാസമാകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)