വിമാനം വൈകിയതില്‍ പ്രതിഷേധം; എമര്‍ജന്‍സി വാതില്‍ തുറന്ന് വിമാനച്ചിറകിലൂടെ നടന്ന് യാത്രക്കാരന്‍
എമര്‍ജന്‍സി വാതില്‍ തുറന്ന് വിമാനച്ചിറകിലൂടെ നടന്ന് യാത്രക്കാരന്‍. വിമാനം നാലുമണിക്കൂര്‍ വൈകിയതില്‍ പ്രതിഷേധിച്ചാണ് . യാത്രക്കാരന്‍ ഇങ്ങനെ ചെയ്തത്. മെക്‌സികോ സിറ്റി വിമാനത്താവളത്തില്‍ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. എയ്‌റോമെക്‌സികോയുടെ ഗ്വാട്ടെമാലയിലേക്കുള്ള വിമാനത്തിലാണ് സംഭവം. സംഭവത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്തിയതോടെ വിമാനം മണിക്കൂറുകള്‍ വൈകി. 8.50 ന് മെക്‌സികോയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞിട്ടും പുറപ്പെടാതിരുന്നതോടെയാണ് യാത്രക്കാരന് നിയന്ത്രണം നഷ്ടമായത്. ഇരുന്ന് മടുത്ത യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തിറങ്ങി വിമാനച്ചിറകിലൂടെ നടക്കുകയായിരുന്നു. അല്‍പനേരത്തിനുള്ളില്‍ ഇയാള്‍ തിരികെ കയറി വന്ന് തന്റെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. ഉടന്‍ തന്നെ വിമാനത്തിലെ ജീവനക്കാരെത്തി യാത്രക്കാരനെ പൊലീസിന് കൈമാറുകയായിരുന്നു. സംഭവ സമയത്ത് വിമാനത്തിനുള്ളില്‍ 77 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
യുവാവിനെ അറസ്റ്റ് ചെയ്ത് കൈമാറിയതിനെതിരെ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഭക്ഷണമോ വെള്ളമോ മറ്റ് അടിയന്തര സൗകര്യങ്ങളോ ഇല്ലാതെ എത്ര നേരമാണ് യാത്രക്കാര്‍ ബുദ്ധിമുട്ടുകയെന്നും യാത്രക്കാരനെ ഉടന്‍ വിട്ടയയ്ക്കണമെന്നും ആളുകള്‍ അധികൃതരെ അറിയിക്കുകയായിരുന്നു.സത്യത്തില്‍ എമര്‍ജന്‍സി വാതില്‍ തുറന്ന യുവാവ് എല്ലാവരെയും രക്ഷിക്കുകയാണ് ചെയ്തതെന്നും വിമാനത്തിനുള്ളില്‍ നാലുമണിക്കൂറായുള്ള ഇരിപ്പ് എല്ലാവരുടെയും ആരോഗ്യനിലയെ ബാധിക്കാന്‍ തുടങ്ങിയിരുന്നുവെനന്നും യാത്രക്കാര്‍ എഴുതി നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. ശുദ്ധവായുവും വെള്ളവും ലഭിക്കാതെ കുട്ടികളടക്കമുള്ളവര്‍ ബുദ്ധിമുട്ടിയെന്നും യാത്രക്കാര്‍ പറയുന്നു. വാതില്‍ തുറന്ന് പ്രതിഷേധിച്ചയാളുടെ പേരുവിവരങ്ങള്‍ വിമാനക്കമ്പനി പുറത്തുവിട്ടിട്ടില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)