ഉദ്യോഗാർത്ഥികളേ ഇതിലെ ഇതിലെ; 33 ലക്ഷം രൂപ വരെ ശമ്പളം, ആനുകൂല്യങ്ങൾ വേറെയും, വിദേശത്തേക്ക് പറക്കാം
വിദേശ രാജ്യങ്ങളിലേയ്ക്ക് വ്യവസ്ഥാപിതമായ തൊഴിൽ കുടിയേറ്റം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സും കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷനും (NSDC) തമ്മിലുളള ധാരണാപത്രം ഇക്കഴിഞ്ഞ 16 ന് ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായുളള നോർക്ക NSDC-യു.കെ റിക്രൂട്ട്മെന്റ് ആദ്യഎഡിഷനും തുടക്കമായി. യു.കെ യിലെ (യുണൈറ്റഡ് കിംങ്ഡം) എൻ.എച്ച്.എസ്സ് (NHS) ട്രസ്റ്റിന്റെ ഭാഗമായ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് (പുരുഷനും സ്ത്രീയും) ഒഴിവുകളിലേയ്ക്കാണ് ആദ്യഎഡിഷൻ റിക്രൂട്ട്മെന്റ്. നഴ്സിങ് പ്രൊഫഷണലുകൾക്ക് നോർക്ക റൂട്ട്സ് വഴി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ഇതിനായുളള അഭിമുഖം ഓൺലൈനായി നടക്കും. നഴ്സിങ്ങിൽ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദവുമാണ് വ്യത്യസ്ത സ്പെഷ്യാലിറ്റികളിലേയ്ക്ക് ആവശ്യമായ വിദ്യാഭ്യാസയോഗ്യതകൾ. പ്രായപരിധി 40 വയസ്സ്. ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന IELTS/ OET യു.കെ സ്കോറും അനിവാര്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, OET /IELTS സ്കോർ കാർഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്പോർട്ടിന്റെ പകർപ്പ് , എന്നിവ സഹിതം 2024 ജനുവരി 31 നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. ഒഴിവുകളുളള വിവിധ സ്പെഷ്യാലിറ്റി വാർഡുകളും ആവശ്യമായ പ്രവൃത്തിപരിചയവും (മാസത്തിൽ) താഴെപറയുന്നവയാണ്. മെഡിക്കൽ (9) കാർഡിയാക്ക് (18), സർജിക്കൽ വാർഡ് (9) , റെസ്പിറേറ്ററി (18), ഡേ സർജറി (18), കാത്ത് ലാബ്/തിയറ്ററുകൾ/ഐസിയു വിലേയ്ക്ക് ബിരുദാനന്തര ബിരുദത്തിനുശേഷമുളള 18 മാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അനിവാര്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് എക്സ്റ്റൻഷൻ സാധ്യതയുളള മൂന്നുവർഷത്തെ കരാർ നിയമനമാണ് ലഭിക്കുക. 27000-32000 ബ്രിട്ടീഷ്പൗണ്ടാണ് അടിസ്ഥാന ശമ്പളം (വാർഷികം). ഇതോടൊപ്പം യു.കെ യിലെ നിയമമനുസരിച്ചുളള മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും. പൂർണ്ണവിവരങ്ങൾ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിൽ ലഭ്യമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BeAhju1TijaBHJCS0okNLv
Comments (0)