കുവൈത്തിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട് നിരക്ക് പുതുക്കി; വിമാന ടിക്കറ്റ് നിർബന്ധമാക്കി
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു. ഇതിനൊപ്പം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിമാന ടിക്കറ്റും നിർബന്ധമാക്കി. ടിക്കറ്റ് നിർബന്ധമാക്കിയതോടെ റിക്രൂട്ട് ചെലവ് ഉയരും.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശ പ്രകാരം വാണിജ്യ-വ്യവസായ മന്ത്രി മുഹമ്മദ് അൽ അയ്ബാനാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്.
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് 750 ദീനാർ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് 575 ദീനാർ എന്നിങ്ങനെയാണ് നിരക്ക്. ഏജൻസികൾ ഇല്ലാതെ നേരിട്ട് ഗാർഹിക തൊഴിലാളിയെ കൊണ്ടുവരുന്നതിന് 350 ദീനാറും ചെലവ് വരും.
കമ്പനികളുമായുള്ള തർക്കത്തെത്തുടർന്ന് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഗാർഹിക തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നത് സാമ്പത്തിക ബാധ്യത വരുത്തുന്നതായി സ്പോൺസർമാർ നേരത്തേ പരാതികൾ ഉയർത്തിയിരുന്നു. ഇത്തരം ഘട്ടങ്ങളിൽ ടിക്കറ്റ് വില അടക്കമുള്ളവ കുടിശ്ശിക ഈടാക്കാൻ നിയമം സ്പോൺസർമാരെ സഹായിക്കും. പുതിയ നീക്കത്തിലൂടെ തൊഴിലുടമകളും റിക്രൂട്ട്മെന്റ് ഏജൻസികളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
അതിനിടെ, ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകളിൽ പണമടക്കാൻ കെ നെറ്റ് ഉപയോഗപ്പെടുത്താൻ പബ്ലിക് മാൻ പവർ അതോറിറ്റി, വാണിജ്യമന്ത്രാലയം എന്നിവ ആഹ്വാനം ചെയ്തു.
ഓഫിസുകൾ പ്രഖ്യാപിച്ച നിരക്ക് പാലിക്കുന്നില്ലെങ്കിൽ ഹോട്ട് ലൈൻ നമ്പറായ (96966595) ലും വാണിജ്യ മന്ത്രാലയ(135)ത്തിലും പരാതി സമർപ്പിക്കാനും അഭ്യർഥിച്ചു. തൊഴിൽ റിക്രൂട്ട്മെന്റ് ഓഫിസുകൾ പരിശോധിക്കുന്നതിന് ആഭ്യന്തര, മാനവശേഷി മന്ത്രാലയവും വാണിജ്യ മന്ത്രാലയവും ചേർന്ന് സംയുക്ത പ്രവർത്തക സമിതി രൂപവത്കരിക്കും.
തീരുമാനങ്ങൾ ലംഘിക്കുന്ന ലേബർ റിക്രൂട്ട്മെന്റ് ഓഫിസുകൾക്കെതിരെയും ഗാർഹിക തൊഴിലാളികൾക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പബ്ലിക് മാൻ പവർ അതോറിറ്റി, വാണിജ്യമന്ത്രാലയം എന്നിവ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)