കുവൈത്തിൽ ഇലക്ട്രോണിക് തട്ടിപ്പുകൾ പെരുകുന്നു; ജാഗ്രത വേണമെന്ന് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: വ്യാജ സന്ദേശങ്ങൾ, അജ്ഞാത സ്വഭാവമുള്ള വെബ്സൈറ്റുകൾ എന്നിവക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ജാഗ്രത പുലർത്തണമെന്നും ആഭ്യന്തര മന്ത്രാലയം ഉണർത്തി.വിവിധ നിയമലംഘനങ്ങൾക്ക് പിഴയടക്കാൻ ആവശ്യപ്പെട്ട് പൊതുജനങ്ങളെ തട്ടിപ്പുകാർ ഇരകളാക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ അടക്കണമെന്ന് ആവശ്യപ്പെട്ടുള്ള തട്ടിപ്പുകാരുടെ സന്ദേശങ്ങളിൽ നിരവധി പേർ അടുത്തിടെ കബളിപ്പിക്കപ്പെട്ടിരുന്നു. ഇത് പലരൂപത്തിൽ ഇപ്പോഴും തുടരുന്നുണ്ട്.ട്രാഫിക് ലംഘനങ്ങളിൽ ഏകീകൃത സർക്കാർ ആപ്പായ ‘സഹ്ൽ’ വഴി മാത്രമേ ആഭ്യന്തര മന്ത്രാലയം സന്ദേശങ്ങൾ അയക്കൂ എന്ന് അധികൃതർ വ്യക്തമാക്കി. തട്ടിപ്പുസംഘത്തിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നതായും അറിയിച്ചു. രാജ്യത്ത് അടുത്തിടെയായി ഇലക്ട്രോണിക് തട്ടിപ്പുകൾ വ്യാപകമാണ്. പൊലീസ് വേഷത്തിൽ വാട്സ്ആപ് വിഡിയോ കാൾ വിളിക്കുകയാണ് പ്രധാന രീതി.ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നാണെന്ന വിശ്വാസത്തിൽ നിരവധി പേർ ഇത്തരക്കാരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ച് കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. പണം അയക്കാൻ വിവിധ ലിങ്കുകൾ അയച്ചും തട്ടിപ്പ് നടക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകളിൽ നിരവധി പേർക്കാണ് പണം നഷ്ടമായത്.സർക്കാർ ഏജൻസികളുടെ നേതൃത്വത്തിൽ പൗരന്മാർക്കിടയിലും താമസക്കാർക്കിടയിലും ബോധവത്കരണങ്ങൾ നടക്കുന്നുണ്ടെങ്കിലും ദിനവും പുതുരീതിയിലുള്ള തട്ടിപ്പുമായി സംഘം സജീവമാണ്. ഇരയാകുന്നവരിൽ പലരും പരാതിയുമായി അധികൃതരെ സമീപിക്കാത്തത് അന്വേഷണത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, കാർഡ് ഹാജരാക്കാതെ ഫോണിലൂടെ നടത്തുന്ന ഇടപാടുകൾ, ഓൺലൈൻ ഇടപാടുകൾ എന്നിവ വഴിയാണ് രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾ നടക്കുന്നത്. അക്കൗണ്ടിലെ ഇടപാടുകൾ നടക്കുമ്പോൾ അവയുടെ വിവരങ്ങൾ അപ്പപ്പോൾ സന്ദേശങ്ങളായി മൊബൈലുകളിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ബാങ്കുകൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇടപാടുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പിക്കുകയും വേണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
Comments (0)