മമ്മൂട്ടി ചിത്രം ‘കാതൽ – ദ് കോർ’ റിലീസിന് കുവൈറ്റിൽ വിലക്ക്
മമ്മൂട്ടി-ജ്യോതിക ചിത്രമായ ‘കാതൽ – ദ് കോർ’ റിലീസിന് കുവൈറ്റിൽ വിലക്ക്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണിത്. കുവൈത്തിലും, ഖത്തറിലും വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സൗദി അറേബ്യയിലും ചിത്രം പ്രദര്‍ശിപ്പിക്കാൻ സെൻസർ ബോർഡ് അനുമതി നിഷേധിച്ചതായി വിവരം ലഭിച്ചു.കൂടാതെ, യുഎഇ, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലും നിരോധനം വന്നേക്കും. യുഎഇയിലെ വോക്സ് സിനിമാസിൽ നേരത്തെ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചതാണ് നിരോധന സാധ്യതയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചിത്രം ഖത്തറിലും കുവൈത്തിലും പ്രദർശന വിലക്ക് നേരിട്ടതായി ഗൾഫിലെ വിതരണ കമ്പനിയായ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് സിഇഒ അബ്ദുൽ സമദ് പറഞ്ഞു. ഈ രാജ്യങ്ങളിൽ ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുകയാണ്. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയമാണ് വിലക്കിന് കാരണമായത്. ഈ മാസം 23നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. മമ്മുട്ടിയുടെ ഉഗ്രൻ പ്രകടനം കൊണ്ടും നടി ജ്യോതിക ഏറെ കാലത്തിന് ശേഷം അഭിനയിച്ച മലയാള ചിത്രം എന്ന നിലയ്ക്കും ‘കാതൽ – ദ് കോർ’ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജ്യോതിക മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരുന്നത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. നേരത്തെ വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘മോൺസ്റ്റർ’ സമാനമായ വിലക്ക് നേരിട്ടിരുന്നു. എൽജിബിടിക്യു ഉള്ളടക്കത്തിന്റെ പേരിലാണ് അന്ന് ചിത്രത്തിന് ഒന്നിലധികം രാജ്യങ്ങളിൽ റിലീസ് നിഷേധിക്കപ്പെട്ടത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)