
കുവൈറ്റിൽ നാലു വർഷത്തിനിടെ റദ്ദാക്കിയത് മൂന്നു ലക്ഷം ഡ്രൈവിങ് ലൈസൻസ്
കുവൈറ്റിൽ വിവിധ കാരണങ്ങൾ മൂലം നാലു വർഷത്തിനിടെ റദ്ദാക്കിയത് മൂന്നു ലക്ഷം ഡ്രൈവിങ് ലൈസൻസുകൾ. മരിച്ചവർ, പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയവർ, നാടുകടത്തപ്പെട്ടവർ എന്നിവരുടെ ഉൾപ്പെടെയാണ് ഇത്രയും എണ്ണം. 2020ൽ അരലക്ഷവും 2021ൽ 88,925ഉം, 2022ൽ ഒരു ലക്ഷവും 2023ൽ 53,083ഉം ഡ്രൈവിങ് ലൈസന്‍സുകളാണ് റദ്ദാക്കിയത്. ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കാത്ത പ്രവാസികൾക്കെതിരായ നടപടി രാജ്യത്ത് തുടരുകയാണ്. കുറഞ്ഞത് രണ്ടു വർഷം ജോലി ചെയ്യുകയും കുറഞ്ഞത് 600 ദീനാർ ശമ്പളവും ബിരുദവുമുള്ള പ്രവാസികൾക്കാണ് രാജ്യത്ത് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ അനുമതി. ലൈസൻസിന് അപേക്ഷിക്കുന്ന സമയത്തുള്ള ഈ യോഗ്യതകൾ പിന്നീട് നഷ്ടപ്പെട്ടാൽ ലൈസൻസ് സറണ്ടർ ചെയ്യണം. എന്നാൽ, പലരും ലൈസൻസ് റദ്ദാക്കാറില്ല. ഇത്തരക്കാരെ പിടികൂടി ലൈസൻസ് അധികൃതർ റദ്ദാക്കുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിങ് ലൈസന്‍സുകളാണ് നല്‍കിയിരിക്കുന്നത്. ഇവയില്‍ ഏകദേശം എട്ടു ലക്ഷത്തോളം ഡ്രൈവിങ് ലൈസന്‍സുകള്‍ വിദേശികളുടെ പേരിലാണ്. ഇതിന്റെ എണ്ണം കുറക്കുന്നതിനും ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരു വർഷത്തേക്കു മാത്രമായി ചുരുക്കിയിട്ടുണ്ട്. നേരത്തേ മൂന്നു വർഷമായിരുന്നു ലൈസൻസ് കാലാവധി. പുതിയ നിയമം വന്നതോടെ ഓരോ വർഷവും ലൈസൻസ് പുതുക്കണം. കുവൈത്ത് റസിഡൻസി റദ്ദാക്കിയ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകളും റദ്ദാകും. അതിനിടെ, രാജ്യത്ത് പതിനേഴര ലക്ഷത്തോളം ട്രാഫിക് ലംഘന പിഴകള്‍ അടക്കാന്‍ ബാക്കിയുള്ളതായി ട്രാഫിക് ഡിപ്പാർട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് സാദ് അൽ ഒതൈബി പറഞ്ഞു. അടക്കാനുള്ള ആകെ പിഴത്തുക 44 മില്യണിലേറെയാണെന്ന് അദ്ദേഹം പറഞ്ഞു. കുടിശ്ശിക ഈടാക്കുന്നതിനായി അടുത്തിടെ ഇത്തരക്കാർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കുടിശ്ശിക അടക്കാതെ നിലവിൽ പ്രവാസികൾക്ക് രാജ്യത്തിന് പുറത്തേക്ക് പോകാനാകില്ല. ഇതോടെ 65 ലക്ഷം ദീനാര്‍ പിരിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)