Posted By Editor Editor Posted On

കുടുംബ വഴക്കിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തി ബഹളം; നടൻ വിനായകനെ അറസ്റ്റ് ചെയ്ത് പോലീസ്, പിന്നീട് ജാമ്യം

കുടുംബ വഴക്കിനെ തുടർന്ന് പോലീസിനെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തുകയും, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും ചെയ്തതതിന്റെ പേരിൽ നടൻ വിനായകൻ അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ നടനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയശേഷം രാത്രി വൈകിയാണ് വിട്ടയച്ചത്. പൊതുസ്ഥലത്തു സ്വയം നിയന്ത്രണമില്ലാതെ പെരുമാറുക, സർക്കാർ ഉദ്യോഗസ്ഥരോട് അകാരണമായി കയർക്കുക, അപമര്യാദയായി പെരുമാറുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്. ഇന്നലെ വൈകിട്ട് 4.30ന് താൻ താമസിക്കുന്ന കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു സമീപത്തെ ഫ്ലാറ്റിലേക്കു വിനായകൻ പൊലീസിനെ വിളിച്ചുവരുത്തിയിരുന്നു. കുടുംബവഴക്കിനെ തുടർന്നായിരുന്നു ഇത്. ഫ്ലാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണു കുടുംബവഴക്കിനു കാരണമെന്നു മനസ്സിലാക്കിയ പൊലീസ് രണ്ടുവശവും കേട്ടശേഷം വിനായകനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി മടങ്ങാൻ ഒരുങ്ങി. ഇതോടെ പൊലീസിനോടും വിനായകൻ കയർത്തു. നിങ്ങൾ ഒരുവശം മാത്രമാണു കേൾക്കുന്നതെന്നും സ്ത്രീകൾ പറയുന്നതു മാത്രമാണു വിശ്വസിക്കുന്നതെന്നും കുറ്റപ്പെടുത്തിയായിരുന്നു വിനായകൻ ഫ്ലാറ്റിലെത്തിയ വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരെ മടക്കി അയച്ചത്.

രാത്രി 7.30നു പൊലീസ് സ്റ്റേഷനിലെത്തിയ വിനായകൻ, പൊലീസ് ഉദ്യോഗസ്ഥരെ അസ‌ഭ്യം പറഞ്ഞതോടെയാണ് അറസ്റ്റ് ചെയ്ത് എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു ഹാജരാക്കിയത്. പരാതി പറയാൻ പൊലീസ് സ്റ്റേഷനിലെത്തിയ തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും വൈദ്യപരിശോധനയ്ക്കു ഹാജരാക്കിയതെന്നും പൊലീസ് ഉദ്യോഗസ്ഥനോടു തന്നെ ചോദിക്കണമെന്ന് വിനായകൻ പ്രതികരിച്ചു. വിനായകനെ കണ്ട് ആശുപത്രി പരിസരത്ത് ആളുകൾ കൂടി. പിന്നീട് പൊലീസെത്തി അവരെ മാറ്റിയപ്പോൾ വിനായകൻ ശാന്തനായി പരിശോധനകളോടു സഹകരിച്ചു. നടൻ വിനായകനെതിരെ ചുമത്തിയത് മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണെന്നും ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ലെന്നും കൊച്ചി ഡിസിപി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്റ്റേഷനിൽ അസഭ്യം പറഞ്ഞ കാര്യം വീഡിയോ നോക്കി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിനായകന് ജാമ്യം അനുവദിച്ചതിനെതിരെ ഉമ തോമസ് എംഎൽഎ രംഗത്തെത്തിയിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/10/17/mobile-app-for-vehicle-details-and-fine/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *