
കുവൈത്തിൽ കൊളസ്ട്രോൾ ബാധിതരുടെ എണ്ണം കൂടിയതായി റിപ്പോർട്ട്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
കുവൈത്ത് സിറ്റി: രാജ്യത്ത് കൊളസ്ട്രോൾ ഉള്ളവരുടെ എണ്ണം കൂടിയതായി റിപ്പോർട്ട്. സ്വദേശികളും വിദേശികളും ഉൾപ്പെടെ ഈ ജീവിതശൈലീ രോഗത്തിന്റെ പിടിയിലാകുന്നുണ്ട്. ലോക ഹൃദയദിനത്തോടനുബന്ധിച്ച് കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ സംഘടിപ്പിച്ച കൊളസ്ട്രോൾ ബോധവത്കരണ കാമ്പയിനോടനുബന്ധിച്ച് നടത്തിയ സെമിനാറിലാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. രാജ്യത്ത് 20 ശതമാനത്തിലേറെ ഉയർന്ന കൊളസ്ട്രോൾ ഉള്ളവരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. റാഷിദ് അൽ അവൈഷ് പറഞ്ഞു. പ്രമേഹം അല്ലെങ്കിൽ അമിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ ഫലമായി ചീത്ത കൊളസ്ട്രോളിന്റെ അളവും ഉയർന്നേക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഫാസ്റ്റ് ഫുഡ് ഉൾപ്പെടെ തെറ്റായ ഭക്ഷണരീതികളും വ്യായാമക്കുറവുമാണ് ആളുകളുടെ കൊളസ്ട്രോൾ ഉയർച്ചക്ക് കാരണം. നവംബർ മുതൽ അടുത്ത ഏഴു മാസം രാജ്യത്തുടനീളം മൊബൈൽ ഹൃദ്രോഗ ബോധവത്കരണ കാമ്പയിനുകൾ സംഘടിപ്പിക്കും. സഹകരണ സംഘങ്ങൾ, വാണിജ്യ മാളുകൾ, സ്കൂളുകൾ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ മൊബൈൽ യൂനിറ്റ് സ്ഥാപിക്കും. മൊബൈൽ യൂനിറ്റുകൾ വഴി പ്രതിമാസം 400 മുതൽ 500 വരെ ആളുകൾക്ക് സേവനം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. അൽ അവൈഷ് പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)