എന്തൊരു ക്രൂരത: ഗാസയിൽ ആശുപത്രിക്ക് നേരെ വ്യോമാക്രമണം; 500 പേർ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാൻ സാധ്യത; അപലപിച്ച് ലോകരാജ്യങ്ങൾ
ഗാസയിൽ ആശുപത്രിക്കു നേരെയുണ്ടായ വ്യോമാക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഒട്ടേറെ പേർക്ക് പരുക്കേറ്റു. ഗാസ സിറ്റിയിലെ അൽ അഹ്‍ലി അറബ് ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഒട്ടേറെപ്പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഉയർന്നേക്കുമെന്നും പലസ്തീൻ അധികൃതർ പറഞ്ഞു. ഇസ്രയേലാണ് ആക്രമണത്തിനു പിന്നിലെന്ന് പലസ്തീൻ ആരോപിച്ചു. ആരോപണം നിഷേധിച്ച ഇസ്രയേൽ ഇസ്ലാമിക് ജിഹാദ് ഇസ്രയേലിലേക്ക് അയച്ച റോക്കറ്റ് ദിശതെറ്റി ആശുപത്രിയിൽ പതിച്ചതാണെന്ന് വിശദീകരിച്ചു. ദാരുണ സംഭവത്തെ തുടർന്ന് പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ആക്രമണത്തിന് പിന്നാലെ വെസ്റ്റ്ബാങ്കിൽ പ്രതിഷേധപ്രകടനങ്ങൾ ആരംഭിച്ചു. ആക്രമണം ഭയപ്പെടുത്തുന്നതാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചു. ആക്രമണത്തെ അപലപിച്ച അറബ് രാജ്യങ്ങളും റഷ്യയും യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ പുറപ്പെട്ടു. അതേസമയം ബൈഡനുമായുള്ള കൂടിക്കാഴ്ച പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് റദ്ദാക്കി.സംഭവത്തെ ലോകാരോഗ്യ സംഘടനയും കാനഡ, തുർക്കി, ജോർദാൻ, ഈജിപ്ത്, സൗദി, ഖത്തർ, ഇറാൻ തുടങ്ങിയ രാജ്യങ്ങളും ശക്തമായി അപലപിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)