കുവൈത്തിൽ മയക്കുമരുന്നും ആയുധങ്ങളുമായി 21 പേർ പിടിയിൽ
കുവൈത്ത് സിറ്റി: രാജ്യത്ത് വർധിച്ചുവരുന്ന മയക്കുമരുന്ന് കടത്തിനെ തുടർന്ന് വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ വ്യത്യസ്ത രാജ്യക്കാരായ 21 പേർ മയക്കുമരുന്നുകളും ആയുധങ്ങളുമായി പിടിയിൽ. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളിൻറെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം 16 ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 11 കിലോഗ്രാം വിവിധ മയക്കുമരുന്ന്, 15,000 മയക്കുമരുന്ന് ഗുളികകൾ, അഞ്ചു ലിറ്റർ ജി.എച്ച്.ബി ലഹരിവസ്തുക്കൾ, 71 കുപ്പി മദ്യം, 2 തോക്കുകൾ, പണം എന്നിവയാണ് പ്രതികളിൽനിന്ന് അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടിയത്. പിടിച്ചെടുത്ത വസ്തുക്കൾ വിൽപനക്കും വ്യക്തിഗത ഉപയോഗത്തിനും വേണ്ടി തയാറാക്കിയതാണെന്ന് പ്രതികൾ സമ്മതിച്ചു.പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറിയിച്ചു. ഇത്തരം പ്രവൃത്തികളിൽനിന്ന് സമൂഹത്തെ സംരക്ഷിക്കാനും പിടിയിലാവുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സേന സജ്ജരാണെന്നും ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറിയിച്ചു. നിയമപാലകരുമായി സഹകരിക്കാനും എന്തെങ്കിലും പ്രതികൂലസംഭവങ്ങൾ ഉണ്ടായാൽ എമർജൻസി ഹോട്ട്ലൈനിലും (112) ജനറൽ ഡയറക്ടറേറ്റിന്റെ ഹോട്ട്ലൈനിലും അറിയിക്കാനും എല്ലാവരോടും അഭ്യർഥിക്കുന്നതായും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)