ജോലി തേടി വിസിറ്റ് വിസയിൽ മൂന്നാം തവണയും ഗൾഫിൽ എത്തി, മൂന്നാം ദിവസം മരണം; കണ്ണീരായി പ്രവാസി യുവാവ്
ജോലിക്കായി മൂന്നാമത്തെ വിസിറ്റ് വിസ എടുത്ത് പ്രവാസലോകത്തെത്തി മൂന്നാം ദിവസം മരണപ്പെട്ട യുവാവിനെ കുറിച്ച് കുറിപ്പുമായി പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ അഷ്റഫ് താമരശേരി. രണ്ടുതവണ വിസിറ്റ് വിസയിൽ വന്നിട്ടും ജോലി ശരിയാകാതെ വിഷമിച്ച അവസ്ഥയിലായിരുന്നു യുവാവ്. രണ്ടാമത്തെ വിസിറ്റ് വിസ തീരാനിരിക്കെയാണ് ഒരു ജോലി സാധ്യത ഒത്തുവന്നത്. മൂന്നാമത്തെ വിസിറ്റ് എടുത്ത് വന്നിറങ്ങിയ മൂന്നാം ദിവസം മരണം സംഭവിക്കുകയായിരുന്നെന്ന് അഷ്റഫ് താമരശേരി പറഞ്ഞു.
അഷ്റഫ് താമരശേരിയുടെ കുറിപ്പ്: ”കഴിഞ്ഞ ദിവസം മരണപ്പെട്ടവരിൽ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. ജീവിതോപാധി തേടി പ്രവാസ ലോകത്ത് എത്തിയ ഒരു പാവം മനുഷ്യൻ. രണ്ട് തവണ വിസിറ്റ് വിസയിൽ വന്നിട്ടും ജോലിയാകാതെ ഏറെ വിഷമിച്ചിരിക്കുകയായിരുന്നു. രണ്ടാമത്തെ വിസിറ്റ് വിസ തീരാനിരിക്കെയാണ് ഒരു ജോലി സാധ്യത ഒത്തുവന്നത്. മൂന്നാമതൊരു വിസിറ്റ് വിസ കൂടി എടുക്കേണ്ടി വന്നു ആ ജോലിക്ക്. ഏറെ പ്രതീക്ഷകളോടെ ജോലിക്കായി മൂന്നാമത്തെ വിസിറ്റ് എടുത്ത് വന്നിറങ്ങിയ മൂന്നിന്റെ അന്ന് മരണം അദ്ദേഹത്തെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. ആശങ്കകളും പ്രതീക്ഷകളും ഇല്ലാത്ത മറ്റൊരു ലോകത്തേക്ക്. അലാറം വിളിച്ചുണർത്താത്ത ഉറക്കത്തിന്റെ ലോകത്തേക്ക്. ഒരുപാട് പ്രതീക്ഷകളും കാത്തിരിപ്പുകളും മാത്രം ബാക്കിയായി. പ്രാർത്ഥനകളാൽ കാത്തിരിക്കുന്ന രക്ഷിതാക്കളെ വിട്ട്, അങ്ങേ തലക്കൽ ഒരു വിളി കാത്തിരിക്കുന്ന പ്രിയതമയെ ബാക്കിയാക്കി… അത്തറ് മണക്കുന്ന പുത്തനുടുപ്പും കളിപ്പാട്ടങ്ങളും പ്രതീക്ഷിച്ചിരിക്കുന്ന കുഞ്ഞുങ്ങളെ ബാക്കിയാക്കി അയാൾ യാത്രയായി. ഇനി അയാൾ തന്റെ പ്രിയപ്പെട്ട വീട്ടുമുറ്റത്ത് ചെന്ന് കയറുന്നത് വെള്ള പുതച്ച് നിശ്ചലനായി മാത്രം. ആലോചിക്കാൻ പോലുമാകാത്ത അവസ്ഥ…..ഈ സാഹചര്യം നമുക്കാർക്കും വരാതിരിക്കട്ടെ…………ദൈവം തമ്പുരാൻ ഇത്തരം അവസ്ഥകളെ തൊട്ട് നമ്മെ ഏവരെയും കാത്ത് രക്ഷിക്കുമാറാകട്ടെ….. നമ്മിൽ നിന്നും പിരിഞ്ഞു പോയ പ്രിയ സഹോദരന്മാർക്ക് നന്മകൾ ഉണ്ടാകട്ടെയെന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു. നമ്മൾ ഏവരുടെയും പ്രാർഥനകൾ ഉണ്ടായിരിക്കണം..”
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)