കുവൈത്തിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സുമാരുടെ മോചന നടപടികൾ പുരോഗമിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമലംഘനത്തിന്റെ പേരിൽ സ്വകാര്യ ക്ലിനിക്കിൽനിന്ന് അറസ്റ്റിലായ മലയാളി നഴ്സുമാരുടെ മോചന നടപടികൾ പുരോഗമിക്കുന്നു. വിഷയത്തിൽ വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും ഇടപെട്ടുവരുകയാണ്. വിഷയം അധികാരികളുമായി സംസാരിച്ചുവരുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൻറെ അനുമതിയില്ലാതെയാണ് ഇവർ ജോലി ചെയ്തിരുന്ന ക്ലിനിക് പ്രവർത്തിച്ചുവന്നിരുന്നത് എന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മലയാളികൾ ഉൾപ്പെട്ട സംഘത്തെ പിടികൂടിയത്. 34 ഇന്ത്യക്കാരുൾപ്പെടെ 60 പേരാണ് അറസ്റ്റിലായത്. പിടിയിലായവരിൽ 19 പേർ മലയാളികളാണ്. ഇവരിൽ കൈക്കുഞ്ഞുള്ള നഴ്സുമാരുമുണ്ട്. ലൈസൻസ് ഇല്ലാത്തവരും മതിയായ യോഗ്യത ഇല്ലാത്തവരുമാണ് പിടിയിലായതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. 10 വർഷത്തോളമായി ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് പലരും. ഇന്ത്യക്കാർക്ക് പുറമെ ഈജിപ്ത്, ഇറാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായ മറ്റുള്ളവർ. ഇറാനി പൗരന്റെ ഉടമസ്ഥതയിൽ വർഷങ്ങളായി ക്ലിനിക്ക് പ്രവർത്തിക്കുകയാണെന്നാണ് പിടിയിലാവരിൽ ചിലരുടെ ബന്ധുക്കൾ പറയുന്നത് .പിടിയിലായ മലയാളി നഴ്സുമാരിൽ മുഴുവൻ പേരും ഈ സ്ഥാപനത്തിൽ നിയമാനുസൃതമായാണ് ജോലി ചെയ്യുന്നത് എന്നും ബന്ധുക്കൾ വ്യക്തമാക്കി. ഇവർ അറസ്റ്റിലായതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നും ദുരൂഹമാണെന്നും ബന്ധുക്കൾ പറയുന്നു. സ്പോൺസറും ഉടമയുമായുള്ള തർക്കമാണ് പ്രശ്നത്തിനും അറസ്റ്റിനും കാരണമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത് .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)