കുവൈത്തിൽ സ്ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധന; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധനയെന്ന് ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ അവദി. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 68,964 കേസുകൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യ മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം ദേശീയ അസംബ്ലിയിൽ പാർലമെൻറ് അംഗം മുഹൽഹൽ അൽ-മുദഫിൻറെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 2017 മുതൽ 2021 വരെയുള്ള കാലയളവിലെ കണക്കുകളാണ് മന്ത്രി പുറത്ത് വിട്ടത്. തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയോ നിന്നുപോകുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക്. സ്ട്രോക്ക് ബാധിച്ചിട്ടും ചികിത്സ തേടാൻ വൈകിക്കുന്നത് തലച്ചോറിന് കേടുപാടുകൾ സംഭവിക്കുന്നതിലേക്ക് നയിക്കും. കോവിഡിനു ശേഷം സ്ട്രോക്ക് വരുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായ റിപ്പോർട്ടുകൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് അൽ അവദി പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ പഠനം നടത്തേണ്ടതുണ്ട്. ഫാസ്റ്റ് ഫുഡ്, കൃത്യതയില്ലാത്ത ജീവിതശൈലി, പുകവലി, വ്യായാമകുറവ് എന്നീ ശീലങ്ങളും പ്രമേഹം, രക്താതിമർദം, ലിപിഡ് പ്രഫൈൽ തുടങ്ങിയ അസുഖങ്ങളും സ്ട്രോക്കിലേക്ക് നയിക്കുന്ന ഘടകങ്ങളാണെന്ന് ഡോ.അഹമ്മദ് അൽ അവദി വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)