പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകി; കുടുംബത്തോട് മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യാ എക്സ്പ്രസ്
പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകി. ദുബായ്- തിരുവനന്തപുരം എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകിയതിനെ തുടര്‍ന്നാണ് പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പ്രതിസന്ധി നേരിട്ടത്. ഈ സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ മാപ്പ് പറഞ്ഞ് വിമാന കമ്പനി രംഗത്ത്. ”കുടുംബാംഗങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. മറ്റ് യാത്രക്കാരെ ഷാര്‍ജ-തിരുവനന്തപുരം വിമാനത്തില്‍ കൊണ്ടുപോകുന്നതിന് ക്രമീകരണം ചെയ്തു. പക്ഷേ ചുരുങ്ങിയ സമയത്തിനുള്ളില്‍ മൃതദേഹം ദുബായില്‍ നിന്ന് ഷാര്‍ജയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഇതോടെ ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഷെഡ്യൂള്‍ ചെയ്ത അടുത്ത വിമാനം കുടുംബം തിരഞ്ഞെടുത്തു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ദുഃഖിതരായ കുടുംബത്തിന് ഹോട്ടല്‍ താമസം ഉള്‍പ്പെടെ സാധ്യമായ എല്ലാ സഹായങ്ങളും എയര്‍ലൈന്‍ നല്കി”- എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.
ദുബായില്‍ മരിച്ച കൊല്ലം ഭരണിക്കാവ് സ്വദേശി സുഭാഷ് പിള്ളയുടെ (50) മൃതദേഹമാണ് വിമാനം വൈകിയതോടെ നാട്ടിലെത്തിക്കുന്നതിന് പ്രതിസന്ധി നേരിട്ടത്. ഈ മാസം 13ന് രാത്രി 8.45നു പോകേണ്ട വിമാനം വൈകിയതോടെ ശനിയാഴ്ച രാത്രി ദുബായില്‍ മരിച്ച കൊല്ലം ഭരണിക്കാവ് സ്വദേശി സുഭാഷ് പിള്ളയുടെ (50) സംസ്കാര ചടങ്ങും വൈകി. മൃതദേഹം ഇന്നലെ വൈകിട്ട് 4ന് നാട്ടില്‍ സംസ്കരിക്കാനാണ് തീരുമാനിച്ചിരുന്നത്. സംസ്കാരം സംബന്ധിച്ച വിവരം വിമാന ജീവനക്കാരെ അറിയിച്ചിട്ടും ബദല്‍ സംവിധാനം ഒരുക്കാന്‍ തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലായിരുന്നു മൃതദേഹം.
സുഭാഷ് പിള്ളയുടെ ഭാര്യയും 2 മക്കളും 2 ബന്ധുക്കളും ഇതേ വിമാനത്തില്‍ യാത്ര ചെയ്യാനായി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മാത്രമാണ് വിമാനം വൈകുന്ന വിവരം അറിയിച്ചത്. അര്‍ധരാത്രി 12.15ന് പോകുമെന്നായിരുന്നു ആദ്യ അറിയിപ്പ്. പിന്നീട് പുലര്‍ച്ചെയാകുമെന്ന് പറഞ്ഞു. യാത്രക്കാര്‍ ബഹളം വച്ചപ്പോള്‍ ഉച്ചകഴിഞ്ഞേ പുറപ്പെടൂവെന്ന് ജീവനക്കാര്‍ അറിയിച്ചു. അത്യാവശ്യക്കാരെ ഷാര്‍ജ വിമാനത്തിലേക്കു മാറ്റിയെങ്കിലും മൃതദേഹം മാറ്റാനാകില്ലെന്നും എന്നാല്‍ രാത്രി 9.30ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സാധിക്കില്ലെന്ന് അറിയിച്ചുമെന്നാണ് കുടുംബം ആരോപിച്ചിരുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)