കുവൈറ്റിൽ ട്രാവൽ ഏജൻസിയുടെ തടങ്കലിൽ അകപ്പെട്ട 19 പ്രവാസി യുവാക്കളെ നാട്ടിലെത്തിച്ചു
തമിഴ്നാട്ടിൽ നിന്നും കുവൈറ്റിലെത്തി ട്രാവൽ ഏജൻസിയുടെ തടവിൽ അകപ്പെട്ടുപോയ 19 യുവാക്കളെ ഇന്ത്യൻ എംബസി രക്ഷപ്പെടുത്തി. ഇവരെ വ്യാഴാഴ്ചയാണ് തിരികെ ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചത്. തമിഴ്നാട് മന്ത്രി കെ മസ്താനും ഉദ്യോഗസ്ഥരും ഇവർക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി. സൗജന്യ താമസവും ഭക്ഷണവും ഉൾപ്പെടെ പ്രതിമാസ ശമ്പളം 60,000 രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2022 മേയിലാണ് 19 പേരെയും കുവൈത്തിലേക്ക് കൊണ്ടുപോയത്. ഓരോരുത്തരും ട്രാവൽ ഏജൻസിക്ക് ഒരു ലക്ഷം രൂപ വീതം നൽകിയിരുന്നു. അവിടെയെത്തിയപ്പോൾ പ്രതിമാസം 18,000 രൂപ മാത്രമെ ലഭിക്കൂവെന്നും താമസത്തിനും ഭക്ഷണത്തിനും പണം നൽകണമെന്നും അറിയിച്ചു. മാത്രമല്ല യുവാക്കളോട് കൂടുതൽ സമയം ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു.
കരാർ റദ്ദാക്കി തങ്ങളെ വിട്ടയക്കണമെന്ന് യുവാക്കൾ ഏജൻസിയോട് ആവശ്യപ്പെട്ടെങ്കിലും 60,000 രൂപ വീതം നൽകിയാലേ വിട്ടയക്കാനാകൂവെന്ന് ഏജൻസി പറഞ്ഞു. ഈ വർഷം ജൂണിൽ വിസയുടെ കാലാവധി കഴിഞ്ഞെന്നും വിസ പുതുക്കാൻ 1,25,000 രൂപ വീതം നൽകാനും യുവാക്കളോട് ആവശ്യപ്പെട്ടു. നിസ്സഹായരായ യുവാക്കൾ മറ്റു വഴിയില്ലാതെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വിഷയത്തിൽ ഇടപെടുകയും 19 യുവാക്കളുടെ മോചനത്തിനായി കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും ചെയ്തു. അതിനിടെ, നരകയാതനയാണ് കുവൈത്തിൽ തങ്ങൾ അനുഭവിച്ചതെന്നും ബന്ധനസ്ഥരാക്കി പീഡിപ്പിക്കുകയായിരുന്നുവെന്നും നാട്ടിലെത്തിയ യുവാക്കൾ പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)