ഛർദ്ദി പറ്റിയ സീറ്റിൽ ഇരിക്കാൻ കഴിയില്ലെന്ന് പറഞ്ഞു; യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു
സിയാറ്റിൽ: ഛർദ്ദി അവശിഷ്ടങ്ങൾ പറ്റിയ സീറ്റിൽ ഇരിക്കാൻ വിസമ്മതിച്ച യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു. ലാസ് വെഗാസിൽ നിന്ന് മോൺട്രിയോളിലേക്ക് പോകുകയായിരുന്ന എയർ കാനഡ വിമാനത്തിലാണ് സംഭവം ഉണ്ടായത്.ഓഗസ്റ്റ് 26നാണ് സംഭവം ഉണ്ടായത്. വിമാനത്തിലെ യാത്രക്കാരിയായ സൂസൻ ബെൻസൺ ആണ് ഇത് പുറത്തുവിട്ടത്. സൂസൻ ഓഗസ്റ്റ് 29ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സംഭവം വിവരിക്കുന്നത്. വിമാനത്തിലെ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞാണ് രണ്ട് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടതെന്ന് സൂസൻ പറയുന്നു. ‘വിമാനത്തിൽ അൽപ്പം ദുർഗന്ധം ഉണ്ടായിരുന്നു. പക്ഷേ പ്രശ്‌നം എന്താണെന്ന് ആദ്യം ഞങ്ങൾക്ക് അറിയില്ലായിരുന്നു. പിന്നീടാണ് മനസ്സിലായത് നേരത്തെ നടത്തിയ സർവീസിനിടെ ഒരാൾ ഛർദ്ദിച്ചിരുന്നു. തുടർന്ന് എയർ കാനഡ ജീവനക്കാർ വളരെ വേഗം ഇത് വൃത്തിയാക്കിയെങ്കിലും ഛർദ്ദിയുടെ അവശിഷ്ടങ്ങൾ പൂർണമായും വൃത്തിയാക്കിയിരുന്നില്ല. യാത്രക്കാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ദുർഗന്ധം ഒഴിവാക്കാൻ ജീവനക്കാർ അവിടെ കാപ്പിപ്പൊടിയും പെർഫ്യൂമും ഉപയോഗിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. സീറ്റും സീറ്റ് ബെൽറ്റും നനഞ്ഞിരിക്കുകയാണെന്നും ഛർദ്ദിയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെയുണ്ടെന്നും യാത്രക്കാർ വിമാനത്തിലെ ജീവനക്കാരെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു. ഫ്‌ലൈറ്റ് അറ്റൻഡന്റ് ക്ഷമാപണം നടത്തുകയും വിമാനം ഫുൾ ആയതിനാൽ മറ്റൊന്നും ചെയ്യാനാവില്ലെന്ന് പറയുകയും ചെയ്തു’- സൂസൻ കുറിച്ചു.കുറച്ച് നേരത്തേക്ക് യാത്രക്കാരും ജീവനക്കാരും ഇതേ കുറിച്ച് സംസാരിച്ചു. എന്നാൽ വിമാനത്തിന് പോകണമെന്നും അല്ലെങ്കിൽ നോ ഫ്‌ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പൈലറ്റ് യാത്രക്കാർക്ക് അന്ത്യശാസനം നൽകിയതോടെ സ്ഥിതി വഷളായി. പൈലറ്റ് എത്തി ഒന്നുകിൽ അവർക്ക് സ്വന്തം ഇഷ്ടപ്രകാരം വിമാനത്തിൽ നിന്ന് ഇറങ്ങാമെന്നും അല്ലെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥരെത്തി വിമാനത്തിൽ നിന്ന് പുറത്താക്കുമെന്നും സ്ത്രീ യാത്രക്കാരോട് പറഞ്ഞു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെത്തി രണ്ട് വനിതാ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിടുകയായിരുന്നെന്ന് സൂസൻ വിശദമാക്കി. ഈ ഗുരുതരമായ കാര്യം അവലോകനം ചെയ്യുകയാണെന്നാണ് എയർ കാനഡയുടെ മറുപടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)