വിമാനത്തിന്റെ ശുചിമുറിയിൽ പുകവലിച്ചു; യാത്രക്കാരൻ പിടിയിൽ
കൊൽക്കത്ത > ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ പുകവലിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച രാവിലെയായിരുന്നു അറസ്റ്റ്. ദുബായിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. സുവം ശുക്ല എന്ന യാത്രക്കാരനാണ് വിമാനത്തിന്റെ ശുചിമുറിയിൽ കയറി പുക വലിച്ചത്.പ്രതി വിമാനത്തിൻറെ ശുചിമുറിയിൽ കയറി പുകവലിക്കാൻ തുടങ്ങിയപ്പോൾ ജീവനക്കാരും സഹയാത്രികനും ശ്രദ്ധിക്കുകയും വിമാനം ലാൻഡ് ചെയ്തശേഷം പൈലറ്റിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ എയർപോർട്ട് സെക്യൂരിറ്റി ജീവനക്കാരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടുകയും യാത്രക്കാരനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ചോദ്യം ചെയ്യലിനു ശേഷം ശുക്ലയെ ബിധാനഗർ സിറ്റി പൊലീസിന് കീഴിലുള്ള എയർപോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. 1937ലെ എയർക്രാഫ്റ്റ് റൂൾസിലെ സെക്ഷൻ 25 പ്രകാരമാണ് ശുക്ലയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാനത്തിൽ പുകവലി പൂർണമായും നിരോധിച്ചിട്ടുണ്ട്. യാത്രക്കാരൻ പുകവലിക്കുന്നത് യഥാസമയം ശ്രദ്ധയിൽപ്പെട്ടതിനാലാണ് അപകടം ഒഴിവായതെന്നും അധികൃതർ അറിയിച്ചു.
Comments (0)