Posted By user Posted On

അതീവ ജാഗ്രത വേണം:കോവിഡിന് ശേഷം യുവാക്കളിൽ പെട്ടെന്നുള്ള മരണം കൂടുന്നു;ഐ.സി.എം.ആർ പഠനം നടത്തും

ന്യൂഡൽഹി: കോവിഡ് 19 മഹാമാരിക്ക് ശേഷം യുവാക്കളിൽ പെട്ടെന്നുള്ള മരണം വർധിച്ചുവരുന്നതിനെ കുറിച്ച് പഠനം നടത്തുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) ഡയറക്ടർ ജനറൽ ഡോ. രാജീവ് ബഹൽ. 18നും 45നും ഇടയിലുള്ളവരുടെ അകാരണമായതും പെട്ടെന്നുള്ളതുമായ മരണങ്ങളെ കുറിച്ച് രണ്ട് പഠനങ്ങളാണ് നടത്തുക -ഗുജറാത്തിൽ നടന്ന ആഗോള പാരമ്പര്യവൈദ്യ ഉച്ചകോടിക്കിടെ അദ്ദേഹം പറഞ്ഞു.കോവിഡിന് ശേഷം മനുഷ്യനിൽ ശാരീരക മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോയെന്നും, ഉണ്ടെങ്കിൽ ഇവ മരണത്തിന് കാരണമാകുന്നുണ്ടോയെന്നും പഠിക്കും. ഹൃദയസ്തംഭനം, ശ്വാസകോശപ്രശ്നങ്ങൾ എന്നിവയാണ് ചെറുപ്പക്കാരിൽ പെട്ടെന്നുള്ള മരണത്തിന് കാരണമായി കാണുന്നത്. ഇവയെക്കുറിച്ചും പഠനം നടത്തും.

18നും 45നും ഇടയിലുള്ളവരുടെ മരണത്തെ കുറിച്ച് രാജ്യത്തെ 40 കേന്ദ്രങ്ങളിൽ നിന്നായി ഐ.സി.എം.ആർ വിവരം ശേഖരിക്കുന്നുണ്ട്. ഇത്തരത്തിൽ മരിച്ചവരുടെ കുടുംബത്തെ സന്ദർശിച്ച് വിവരം ശേഖരിക്കും. കേസ് കൺട്രോൾ സ്റ്റഡിയുടെ ഭാഗമായി, മരിച്ചയാളുടെ അയൽപക്കങ്ങളിൽ അതേ പ്രായവും അതേ സാഹചര്യങ്ങളുമുള്ള ആളുകളുടെ വിവരമെടുക്കും. ഇവരുടെ ആരോഗ്യാവസ്ഥ താരതമ്യം ചെയ്യും. റിസ്ക് ഫാക്ടറുകൾ തമ്മിൽ ബന്ധമുണ്ടോയെന്ന് കണ്ടെത്താനും ഘടന കണ്ടെത്താനും ഇത് സഹായിക്കുമെന്ന് ഡോ. ബഹൽ പറഞ്ഞു. ഭക്ഷണരീതി, പുകവലിശീലം, ജീവിതശൈലി, കോവിഡ് ബാധിച്ചോ ഇല്ലയോ എന്നകാര്യം, വാക്സിനേഷൻ വിവരങ്ങൾ, കുടുംബത്തിന്‍റെ ആരോഗ്യചരിത്രം എന്നിവയും ശേഖരിച്ച് പഠനത്തിന് വിധേയമാക്കും

Comments (0)

Leave a Reply

Your email address will not be published. Required fields are marked *